മൂന്നാര്‍: എസ്റ്റേറ്റ് ജീവനക്കാരിയായ അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആറ്റുകാട് പന്ത്രണ്ട്മുറി ലായം സ്വദേശി പ്രഭു(32)വിനെയാണ് റിമാന്‍ഡ് ചെയ്തത്. പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപം താമസിച്ച് വന്നിരുന്ന രാജമ്മ(60) ഇവരുടെ മകള്‍ ഗീത(36) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി 7.30ഓടെ കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തുന്നത്. ആശാരിപ്പണിക്കാരനായ പ്രതി വീതികുറഞ്ഞ ഉളികൊണ്ട് കുത്തിയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഒറ്റമുറി വീടിന്റെ വാതില്‍ തുറന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഗീതയുടെ ഭര്‍ത്താവ് സതീശനാണ് സംഭവം പോലീസില്‍ അറിയിക്കുന്നത്. ഇയാള്‍ വീട്ടിലേക്ക് വരുന്ന വഴി പ്രഭുവിനെ കണ്ടിരുന്നു. ഇതാണ് കേസില്‍ നിര്‍ണ്ണായകമായത്.
രണ്ട് മക്കളുള്ള ഗീത ആറ് വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് പ്രഭുവിനൊപ്പം നാടുവിട്ടിരുന്നു. പിന്നീട് ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. ഗീതയുമായി വേര്‍പിരിഞ്ഞ പ്രഭു മറ്റൊരു വിവാഹം കഴിച്ച് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ താമസമാക്കുകയും ചെയ്തു. ഗീത നിരന്തരം ഫോണിലൂടെ ചീത്ത വിളിക്കുന്നതിനെത്തുടര്‍ന്ന് പ്രഭുവിന്റെ വീട്ടില്‍ പ്രശ്‌നങ്ങളായി. ഭാര്യ സംഭവം അറിയുമെന്ന് ഭയന്ന പ്രഭു ഗീതയെ വക വരുത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. നാട്ടില്‍ തിരിച്ചെത്തിയ ഗീത മക്കളും ഭര്‍ത്താവുമായി അടുത്തെങ്കിലും അമ്മയോടൊപ്പമായിരുന്നു താമസം. ഗീത ആവശ്യപ്പെട്ട പണം നല്‍കുന്നതിനാണ് ഭര്‍ത്താവ് രാത്രി വീട്ടിലേക്ക് എത്തുന്നത്.
മൂന്നാര്‍ എസ്‌ഐ സജീവന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയത്തേക്ക് മാറ്റി. കേസിലെ പ്രതിയായ പ്രഭുവിനെ രാത്രി തന്നെ വെള്ളത്തൂവല്‍ പോലീസ് പിടികൂടിയിരുന്നു. മരിച്ച ഗീത ആനച്ചാല്‍ തട്ടാത്തിമുക്കിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരിയാണ്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊലയ്‌ക്കുപയോഗിച്ച ആയുധം കണ്ടെത്തിയതായാണ് സൂചന. രാത്രി വൈകിയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.
















