ഇരിട്ടി: പാല ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി സൈക്കിളില്‍ നിന്നും വീണ് ചികിത്സയിലിരിക്കേ മരണമടഞ്ഞ സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിക്കെതിരേ ആരോപണവുമായി രംഗത്ത്. കുട്ടിയെ ചികിത്സിച്ച തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ പിഴവാണ് കുട്ടി മരിക്കാന്‍ ഇടയായതെന്ന് കാണിച്ച് ബന്ധുക്കള്‍ മുഴക്കുന്ന് പോലീസില്‍ പരാതി നല്‍കി. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നിര്‍ദ്ദേശപ്രകാരം മുഴക്കുന്ന് പോലീസ് കേസ് തലശ്ശേരി പോലീസിന് കൈമാറി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പാല ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി വെള്ളംപാറയിലെ നടുക്കണ്ടി വീട്ടില്‍ ശശിയുടെയും ഷിംനയുടെയും മകന്‍ അശ്വന്തിനെ സൈക്കിളില്‍ നിന്നും വീണു പരിക്കേറ്റതിനെത്തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കേ ചൊവാഴ്ച പുലര്‍ച്ചേ അശ്വന്ത് മരണമടയുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് കുട്ടി മരിക്കാനിടയായത് എന്ന് കാണിച്ച് മുഴക്കുന്ന് പോലീസില്‍ പരാതി നല്‍കിയത്.
















