കോട്ടയം: മതന്യൂനപക്ഷങ്ങള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ലഭ്യമാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന നേതൃസംഗമം സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 10 മുതല്‍ കോട്ടയം കെപിഎസ് മേനോന്‍ ഹാളിലാണ് സംഗമം സംഘടിപ്പിക്കുന്നത്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ ദ്വിതീയന്‍ കാതോലിക്കാ ബാവ സംഗമം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ. ഹനീഫ അദ്ധ്യക്ഷനാകും. സിഎസ്‌ഐ മോഡറേറ്റര്‍ ഡോ. തോമസ് കെ. ഉമ്മന്‍, മലങ്കര സിറിയന്‍ ക്‌നാനായ ചര്‍ച്ച് ചീഫ് മെട്രോപ്പോളീറ്റന്‍ ആര്‍ച്ചുബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസ്, യാക്കോബായ സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോര്‍ തിമോത്തിയോസ്, കോട്ടയം അതിരൂപതാ വികാരി ജനറാള്‍ മൈക്കിള്‍ വെട്ടിക്കാട്ട്, നിലയ്‌ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് പ്രതിനിധി എബ്രാഹം ഇട്ടിച്ചെറിയ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. മുഹമ്മദ് ഫൈസല്‍, അഡ്വ. ബിന്ദു എം. തോമസ്, ബിന്ദു തങ്കച്ചി എം.കെ എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടന-ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമപദ്ധതികളും എന്ന വിഷയത്തില്‍ ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റി സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യനും കേരള സംസ്ഥാന ന്യൂനപക്ഷ ആക്ടിനെക്കുറിച്ച് ജസ്റ്റീസ് പി.കെ ഹനീഫയും വിഷയാവതരണം നടത്തും.
















