ന്യൂദല്‍ഹി: രവീന്ദ്ര ജഡേജയ്‌ക്ക് പകരം ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുളള ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു.
ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന അക്ഷര്‍ പട്ടേലിനോട് ഉടന്‍തത്തെ ശ്രീലങ്കയില്‍ എത്താന്‍ ബിസിസിഐ ആവശ്യപ്പെട്ടു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് ജഡേജയെ ഐസിസി മൂന്നാം ടെസ്റ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പലെകെലെയില്‍ ശനിയാഴ്ച മൂന്നാം ടെസ്റ്റ് ആരംഭിക്കും. അവസാന ഇലവനില്‍ സ്ഥാനം ലഭിച്ചാല്‍ അക്ഷര്‍ പട്ടേലിന്റെ അരങ്ങേറ്റ ടെസ്റ്റാകുമിത്.
ഏകദിനങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ അക്ഷര്‍ 35 വിക്കറ്റ് നേടിയിട്ടുണ്ട്.30.20 മാണ് ശരാശരി. കഴിഞ്ഞ ഒക്‌ടോബറില്‍ വിശാഖപട്ടണത്ത് ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തിലാണ് ഇന്ത്യക്കായി അവസാനമായി കളിച്ചത്. അന്ന് 4.1 ഓവറില്‍ ഒമ്പതു റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു.
















