കോട്ടയം: ബാറ്ററി നികുതിക്ക് ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ മുന്‍ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം.മാണിക്കെതിരായ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. ലെഡ് ഓക്‌സൈഡിന്റെ നികുതി സംബന്ധിച്ച് നിയമസഭ നിയമം പാസാക്കിയ സാഹചര്യത്തില്‍ അന്വേഷണം തുടരനാവില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്.
കേസ് അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്പ് വസ്തുതാ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി സമര്‍പ്പിച്ചുവെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി: പി.അശോക് കുമാര്‍ പറഞ്ഞു.
ബാറ്ററിയില്‍ ഉപയോഗിക്കുന്ന ലെഡ് ഓക്‌സൈഡ് (ലെഡ് പൗഡര്‍) യൂണിറ്റിന് മുന്‍കാല പ്രാബല്യത്തോടെ നികുതിയിളവ് നല്‍കിയതു വഴി കോട്ടയം കുറിച്ചി സൂപ്പര്‍ പിഗ് മെന്റ്‌സ് ഉടമ ബെന്നി എബ്രഹാമിനെ വഴിവിട്ട് സഹായിച്ച് ഖജനാവിന് 166 കോടി രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്. ജോര്‍ജ് സി. കോട്ടയം പാലാ സ്വദേശി ജോര്‍ജി സി.കാപ്പനാണ് പരാതി നല്‍കിയത്.
കേസില്‍ കമ്പനി ഉടമ ബെന്നി എബ്രഹാമിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. 2012 വരെ 12.5 ശതമാനവും 2013ല്‍ 13.5 ശതമാനം നികുതിയും അടയ്‌ക്കേണ്ട സ്ഥാനത്ത് 2015-16ലെ ബഡ്ജറ്റില്‍ മുന്‍കാല പ്രാബല്യത്തോടെ നികുതി അഞ്ചു ശതമാനമാക്കി കുറച്ച് കൊടുത്തു.
നികുതി അടയ്‌ക്കാത്തതിന് ചങ്ങനാശേരി വാണിജ്യ നികുതി ഓഫീസില്‍ നിന്ന് പല തവണ പിഗ്മെന്റ് കമ്പനിക്ക് നോട്ടീസ് അയച്ചെങ്കിലും പണമടയ്‌ക്കാതെ അപ്പീല്‍ നല്‍കിയ കമ്പനിക്ക് നികുതിയിളവ് അനുവദിച്ചതാണ് വിജിലന്‍സ് കേസില്‍ എത്തിയത്.
കേസില്‍ പരാതിക്കാരനായ ജോര്‍ജ് സി. കാപ്പനില്‍ നിന്ന് വിജിലന്‍സ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി അന്വേഷണ സംഘം 12 നിയമസഭാ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
















