കോഴിക്കോട്: ചക്കിട്ടപാറയില്‍ വന്യജീവി സങ്കേതത്തിന്റെ സംരക്ഷിത വനഭൂമിയില്‍ വിനോദസഞ്ചാര പദ്ധതി ആരംഭിക്കാന്‍ നീക്കം. നിക്ഷിപ്ത വനമെന്ന കളക്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
നേരത്തെമുതല്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ള 300 കോടിയുടെ വിനോദസഞ്ചാര പദ്ധതിക്കുവേണ്ടിയാണ് വനഭൂമി ഏറ്റെടുക്കുന്നത്. വന്യജീവി സങ്കേതത്തിനായി നീക്കിവെച്ചഭൂമി, കക്കയം കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിക്കുവേണ്ടിയാണ് ഉപയോഗിക്കുക എന്നാണ് വിവരം. വൈദ്യുതി, ടൂറിസം വകുപ്പുകളാണ് പദ്ധതിയ്ക്കായി അനുകൂല നിലപാടെടുത്തിരിക്കുന്നത്.
വനംവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതെന്നാണ് വിവരം. ഈ ഭൂമി സര്‍ക്കാരിലേയ്ക്ക് ഏറ്റെടുത്തതല്ലെന്ന നിലപാടാണ് റവന്യു വകുപ്പും ജില്ലാ കളക്ടറും സ്വീകരിക്കുന്നത്.
ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്നും ഇത് വനംവകുപ്പിന്റെ ഭൂമിയാണെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ ഭൂമി ഏറ്റെടുക്കാത്തവര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ലാന്‍ഡ് റവന്യു കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
















