പാലക്കാട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡുകള്‍ക്ക് കുറുകെ പൈപ്പ് ലൈനിടുന്നതിന് 15ന് ശേഷം മാത്രമേ പ്രവൃത്തികള്‍ തുടങ്ങാവൂവെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
എന്നാല്‍ എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി ചെയ്ത് തീര്‍ക്കാനുള്ള അഞ്ച് പ്രവൃത്തികളുടെ ഭാഗമായി റോഡിന്റെ അരികിലൂടെ പൈപ്പ്‌ലൈനിടാന്‍ എ. ഡി.എം. എസ്. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമതി നല്‍കി.
നിശ്ചിത വീതിയില്‍ പൊളിച്ച് പൈപ്പ് ലൈന്‍ ഇട്ടതിന് ശേഷം കോണ്‍ക്രീറ്റ് ചെയ്ത് ഉടന്‍ പൂര്‍വസ്ഥിതിയിലാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അനുമതി. പൊതുമരാമത്ത് വകുപ്പ്-ജല അതോറിറ്റി സംയുക്ത പരിശോധന നടത്തി പരസ്പര ധാരണയോടെ കാര്യങ്ങള്‍ നിര്‍വഹിക്കണമെന്ന് എഡിഎം നിര്‍ദേശിച്ചു.
15ന് ശേഷവും പ്രവൃത്തികള്‍ തുടങ്ങുന്നതിന് മുമ്പ് ഇരു വകുപ്പുകളും തമ്മില്‍ ചര്‍ച്ച ചെയ്ത് ഇതിനായുള്ള ജില്ലാതല കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും. പൈപ്പ്‌ലൈന്‍ ഇടുന്നതിന് മുന്‍പ് ബന്ധപ്പെട്ട പൊതുമരാമത്ത് ഡിവിഷന്‍ അസി.എക്‌സക്യൂട്ടീവ് എഞ്ചിനീയറെ വിവരമറിയിക്കും. പൈപ്പ്‌ലൈനും മറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നതിന് പുതിയ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതും മാനദണ്ഡപ്രകാരം അവ പിന്നീട് പൂര്‍വ സ്ഥിതിയിലാക്കാത്തതും വ്യാപകമായ പരാതികള്‍ ക്ക് ഇടയാക്കുന്നതായിയോഗം ചര്‍ച്ച ചെയ്തു.
റോഡപകടങ്ങള്‍ക്ക് ഇവ കാരണമാകുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ യോഗം തീരുമാനിച്ചു. പൊതു മരാമത്ത് – ജല അതോറിറ്റി വകുപ്പുകളുടെ ഉദ്യോഗസ്ഥന്‍ പങ്കെടുത്തു.
















