കാഞ്ഞങ്ങാട്: ബാപുകയത്ത് കാണാതായ മൂന്നരവയസുകാരി സനയെക്കുറിച്ചുള്ള ദുരൂഹത നീക്കാന്‍ ദുരന്ത നിവാരണസേന മൂവിക്യാമറയുമായി പരിശോധന പുനഃരാരംഭിച്ചു. ആഗസ്റ്റ് മൂന്നിന് തോട്ടിലെ പരല്‍മീനുകളെ നോക്കി നില്കെ അപ്രത്യക്ഷയായ സനയ്ക്ക് വേണ്ടി ദിവസങ്ങളായി നാടാകെ പ്രാര്‍ത്ഥനയുമായി തെരച്ചിലിലാണ്.
തിരുവനന്തപുരത്തു നിന്നുമെത്തിയ സേനയുടെ റിസേര്‍ച്ച് വിംഗാണ് പാണത്തൂരില്‍ പരിശോധന തുടങ്ങിയത്. സയന്റിസ്റ്റ് ശങ്കരന്റെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ധ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. വെള്ളത്തിന്റെ അടിയില്‍ തെരച്ചില്‍ നടത്താനുള്ള സ്കൂബ് ക്യാമറ ഉപയോഗിച്ചാണ് പരിശോധന. വെള്ളത്തിനടിയില്‍ നൂറു മീറ്ററോളം ദൂരത്തില്‍ വ്യക്തമായി കാണാന്‍ പറ്റുന്നതാണ് സ്കൂബ് ക്യാമറ.
വെള്ളരിക്കുണ്ട് സിഐ എം.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. രാജപുരം എസ്ഐ എ.പി.ജയകുമാര്‍, ചിറ്റാരിക്കാല്‍ എസ്ഐ ടി.വി.പ്രേമന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രേമരാജന്‍, റിജേഷ്, ഗോപകുമാര്‍, ബിജു പെരളം എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
ഇതിനിടയില്‍ കുട്ടിയെ നാടോടികള്‍ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പാണത്തൂര്‍ ഭാഗങ്ങളില്‍ എത്താറുള്ള സ്ത്രീകള്‍ ഉള്‍പ്പെട്ട നാടോടി സംഘത്തെ നീലേശ്വരത്തുള്ള അവരുടെ താമസസ്ഥലത്തുവെച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ രാജപുരം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അതിനിടയില്‍ സനയെ കാണാതായതിന്റെ തൊട്ടുപിന്നാലെ സനയെ കണ്ടെത്തിയതായി കാണിച്ച് വാട്സ്ആപ്പ് സന്ദേശം അയച്ച ആളിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സന ഒഴുക്കില്‍പ്പെട്ടതാകാമെന്ന സംശയമുണ്ടെങ്കിലും മാതാപിതാക്കളും ബന്ധുക്കളും ഇത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. വെള്ളം കണ്ടാല്‍ ഭയക്കുന്ന സന ഒരിക്കലും വെള്ളക്കെട്ട് നിറഞ്ഞ ഓടയിലേക്ക് ഇറങ്ങില്ലെന്നാണ് മാതാപിതാക്കള്‍ ഉറച്ചു വിശ്വസിക്കുന്നത്.
















