ദുബായ്: ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബൗളറും ഓള്‍റൗണ്ടറും ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ഐസിസി പുറത്തുവിട്ട പുതിയ പട്ടികയിലാണ് ജഡജേയ്‌ക്ക് ഇരട്ട നേട്ടം. നേരത്തെ, ബൗളര്‍മാരില്‍ ഒന്നാമനായിരുന്ന ജഡേജ, ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി.
സസ്‌പെന്‍ഷന്‍ മൂലം ലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനില്ലെങ്കിലും പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് ജഡേജ. രണ്ട് കളിയില്‍ 13 വിക്കറ്റും 85 റണ്‍സും നേടി. ഉയര്‍ന്ന സ്‌കോര്‍ 70 നോട്ടൗട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനം ഇംഗ്ലണ്ട് താരം മോയിന്‍ അലിയെ ഓള്‍റൗണ്ടര്‍മാരില്‍ നാലാമതെത്തിച്ചു. ആര്‍. അശ്വിനാണ് മുന്നാമത്.
ബൗളര്‍മാരില്‍ അശ്വിനെ പിന്തള്ളി ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഇരുപതാം സ്ഥാനത്തുള്ള മുഹമ്മദ് ഷാമിയാണ് പിന്നെ ഇന്ത്യക്കാരില്‍ മുന്നില്‍. ഉമേഷ് യാദവ് ഇരുപത്തിരണ്ടാം സ്ഥാനത്ത്.
ബാറ്റ്‌സ്മാന്മാരില്‍ അജിങ്ക്യ രഹാനെയ്‌ക്ക് സ്ഥാനക്കയറ്റം, ആറാമത്. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് നയിക്കുന്ന പട്ടികയില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്, ന്യൂസിലന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി എന്നിവര്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ തുടരുന്നു. പതിനൊന്നാമതുള്ള കെ.എല്‍. രാഹുലും ആദ്യ ഇരുപതില്‍.
















