കൊല്ലം: വാഹനാപകടത്തില്‍പ്പെട്ട തമിഴ്നാട് സ്വദേശി ചികിത്സ കിട്ടാത്ത മരിച്ച സംഭവത്തില്‍ ആറു ആശുപത്രികള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കൊല്ലം മെഡിസിറ്റി, കൊല്ലം മെഡിട്രീന, കൊട്ടിയം കിംസ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് , കൊല്ലം അസീസിയ, തിരുവനന്തപുരം എസ്യുടി എന്നിവക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിസിറ്റി ആശുപത്രിക്കെതിരെ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തു.
വാഹനാപകടത്തില്‍പ്പെട്ട് മുരുകന് (37) എന്ന തൊഴിലാളിക്കാണ് ദാരുണമായ അന്ത്യമുണ്ടായത്.
ഞായറാഴ്ച രാത്രി പത്തിന് ദേശീയ പാതയില്‍ ഇത്തിക്കരയിലാണ് അപകടം. മുരുകന്റെ ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ കിംസ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമികചികിത്സക്ക് ശേഷം അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സില്‍ മെഡിട്രീന ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ന്യൂറോ സര്ജന് ഇല്ലെന്നുപറഞ്ഞ് ഇവിടെ പ്രവേശിപ്പിച്ചില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവില്ലെന്നു പറഞ്ഞ് പറഞ്ഞയച്ചു. ഉള്ളൂര്‍ എസ്യുടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെയും ന്യൂറോ സര്ജന് ഇല്ലെന്ന കാരണത്താല്‍ തിരിച്ചയച്ചു. വീണ്ടും കൊല്ലത്തേക്ക് തിരിച്ചുവന്ന് അസീസിയ ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെയും സര്ജന് ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് വീണ്ടും മെഡിസിറ്റി ആശുപത്രിയില്‍ ബന്ധപ്പെട്ടു.
കൂടെ നില്ക്കാന് ആളില്ലെന്നു പറഞ്ഞ് നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആംബുലന്‍സ് ജീവനക്കാര്‍ കൂടെ നില്‍ക്കാമെന്ന് അറിയിച്ചെങ്കിലും സമ്മതിച്ചില്ല. ഒടുവില്‍ ആംബുലന്‍സില്‍ ഇദ്ദേഹം മരിക്കുകയായിരുന്നു. പുലര്‍ച്ചെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കു മരണം സ്ഥിരീകരിച്ചു. ഏഴര മണിക്കൂറാണ് മുരുകന് മരണത്തോട് മല്ലിട്ട് ആംബുലന്‍സില്‍ കിടന്നത്.
















