കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തിക്കുപിന്നാലെ രാമായണ പ്രഭാഷണ പരമ്പരയുമായി സിപിഎം. പോഷക സംഘടനയായ പുരോഗമന കലാസാഹിത്യസംഘം. കണ്ണൂര്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലാണ് ഇന്നുമുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാമായണ പ്രഭാഷണ പരമ്പര നടത്തുക. കാലങ്ങളായി ആത്മീയതയ്ക്കെതിരായി നിലകൊണ്ട പാര്‍ട്ടിയില്‍ നിന്ന് അണികളൊന്നാകെ ആധ്യാത്മിക ബന്ധമുള്ള ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നുവെന്ന തിരിച്ചറവാണ് പുതിയ നീക്കത്തിനുപിന്നില്‍.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളെ അനുകരിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രീകൃഷ്ണ ജയന്തി നാളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്.
എന്നാല്‍ പാര്‍ട്ടി അണികളും പ്രവര്‍ത്തകരും നേതാക്കളും കുടുംബങ്ങളും ഒന്നാകെ ഹൈന്ദവ ആത്മീയ ആചാരങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കാന്‍ തുടങ്ങിയതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. ഇതോടെയാണ് ഹൈന്ദവ ആചാരങ്ങളെ ഒന്നൊന്നായി ആചരിക്കാന്‍ പാര്‍ട്ടി മുന്നോട്ടുവന്നത്.
ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നിരീശ്വരവാദവും യുക്തിവാദവും പ്രസംഗിച്ചുനടന്ന് ഭാരതീയ പുണ്യപുരാണ ഗ്രന്ഥങ്ങളെ ഒന്നാകെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയും പുരോഗമന കലാസാഹിത്യ നായകന്മാരും രാമായണ പാരായണത്തിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. കണ്ണൂര്‍, തലശേരി, തളിപ്പമ്പ് എന്നീ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രഭാഷണപമ്പരയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ കവിയും പുരോഗമനവാദിയുമായ ആലങ്കോട് ലീലാകൃഷ്ണനാണ് നിര്‍വ്വഹിക്കുന്നത്.
















