തൊടുപുഴ: ഏലമലക്കാടുകളില്‍ അനുമതിയില്ലാതെ എങ്ങിനെയാണ് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഗ്രീന്‍ ട്രൈബ്യൂണല്‍. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ 330 കള്ളക്കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന്റെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് ട്രൈബ്യൂണലിന്റെ ചോദ്യം. കള്ളക്കെട്ടിടങ്ങളുടെ വിവരം അടങ്ങിയ റിപ്പോര്‍ട്ടില്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന വസ്തുവിന്റെ കൃത്യമായ വിവരം രേഖപ്പെടുത്താത്തത് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.
എത്രയും വേഗം ഇവയുടെ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ട്രൈബ്യൂണലിലെത്തിക്കണം. കഴിഞ്ഞ മെയ് 18ന് മൂന്നാറില്‍ 330 കള്ളക്കെട്ടിടങ്ങള്‍ നിര്‍മ്മിച്ചെന്ന വാര്‍ത്ത ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ തന്നെയാണ് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചത്.
ഏലമലക്കാടുകളില്‍ മരം മുറിക്കാനും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും അനുമതിയില്ലെന്ന് 2015ല്‍ ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. ഏലമലക്കാടുകളുടെ അതിര് നിര്‍ണ്ണയിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍ അതിര് നിര്‍ണ്ണയത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് ഇപ്പോള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അതിര് നിര്‍ണയത്തിന് റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സര്‍വ്വെ നടത്താന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുമില്ല.
അതിനിടെ കേസില്‍ ഹൈറേഞ്ച് സംരക്ഷണ സമതി കക്ഷി ചേര്‍ന്നു. സ്വന്തം പുരയിടത്തിലെ മരം മുറിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നില്ലെന്ന് ഹൈറേഞ്ച് സമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഏലപ്പട്ടയത്തില്‍ മരം മുറിക്കാന്‍ നിയമമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയാലേ ഏലപ്പട്ടയത്തിലെ മരം മുറിക്കാന്‍ അനുമതിയുള്ളൂ എന്നും കോടതി പറഞ്ഞു. ഉടുമ്പന്‍ചോല താലൂക്കില്‍ മാത്രമാണ് ഏലപ്പട്ടയമുള്ളതെന്ന വിചിത്രമായ വാദവും സമിതി ഉന്നയിച്ചു. ഏതൊക്കെ താലൂക്കുകളിലാണ് ഏലപ്പട്ടയം വിതരണം ചെയ്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ മാസം 28ന് കേസ് വീണ്ടും പരിഗണിക്കും.
കുമ്മനം കക്ഷിചേര്‍ന്നു;കേസിന് ജീവന് വച്ചു
ഇടുക്കി: ഗ്രീന്‍ ട്രൈബ്യൂണലിലെ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കക്ഷിചേര്‍ന്നതോടെയാണ് കേസിന് ജീവന് വച്ചത്. മൂന്നാര്‍ നിത്യനാശത്തിലേക്ക് അകപ്പെടുന്നെന്ന പത്രവാര്‍ത്തയെത്തുടര്‍ന്നാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ കേസെടുത്തത്. നിയമലംഘനങ്ങള്‍ കുമ്മനത്തിന്റെ അഭിഭാഷകന് ട്രൈബ്യൂണലിനെ ബോധ്യപ്പെടുത്തി. ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളും ട്രൈബ്യൂണലിന്റെ മുന്നിലെത്തിക്കാനായി.
ഇടുക്കി എസ്പിയായിരുന്ന എ.വി ജോര്‍ജ്ജിന്റെ റിപ്പോര്‍ട്ട്, നിവേദിത പി. ഹരന് റിപ്പോര്‍ട്ട്, കൈയേറ്റങ്ങളുടെയും ഭൂമി ചൂഷണത്തിന്റെയും ചിത്രങ്ങള്‍, 2015ലെ ഏലമലക്കാടുകള്‍ സംബന്ധിച്ച് ട്രൈബ്യൂണല്‍ വിധി എന്നിവയാണ് കുമ്മനം ഹാജരാക്കിയ രേഖകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: