തിരുവനന്തപുരം: സിപിഎം അക്രമങ്ങളിലും കൊലപാതകത്തിലും പ്രതിഷേധിച്ച് ബിജെപി അംഗം ഒ. രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സിപിഎം അക്രമം സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയം തള്ളിയ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയതിലും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് തകര്‍ത്തതിലും കൗണ്‍സിലര്‍മാരുടെയും നേതാക്കളുടെയും വീട് ആക്രമിച്ചതിലും സിപിഎമ്മിന് പൂര്‍ണ പങ്കുണ്ടെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം ക്രിമിനലുകളുടെ അക്രമങ്ങള്‍ക്ക് പോലീസ് ഒത്താശയുണ്ട്. പോലീസ് അവരുടെ ജോലിയല്ല ചെയ്യുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരായാണ് അവര്‍ പണിയെടുക്കുന്നത്. കുറ്റവാളികളായ പോലീസുകാരെ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല.
പോലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചാണ് സിപിഎം ക്രിമിനലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആസൂത്രിത അക്രമം അഴിച്ചുവിടുന്നത്. ബിജെപി സംസ്ഥാന കാര്യാലയം തകര്‍ക്കാനെത്തിയ അക്രമികളെ തടയാന്‍ പോലീസ് ശ്രമിച്ചില്ല. ഇത് ഓഫീസിനു മുന്നിലെ സിസിടിവിയില്‍ നിന്നു മനസിലാക്കാം. അക്രമികളെ സഹായിക്കുന്ന പോലീസിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇടതു സര്‍ക്കാര്‍ പോലീസിനെ പൂര്‍ണമായും രാഷ്‌ട്രീയവത്കരിച്ചിരിക്കുകയാണെന്ന് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. ഭരിക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയാണെന്ന കാഴ്ചപ്പാട് മുഖ്യമന്ത്രിക്കോ മന്ത്രിസഭയ്‌ക്കോ ഇല്ല. ബിജെപിയാകട്ടെ സമാധാനത്തിന് പൂര്‍ണസഹകരണമാണ് നല്കിവരുന്നത്. പക്ഷേ സിപിഎം, കോണ്‍ഗ്രസുമായി ചേര്‍ന്ന് കേന്ദ്രവിരുദ്ധ സമരം നടത്തുകയാണ്.
മെഡിക്കല്‍ കോഴയുടെ പേരു പറഞ്ഞ് ഭരണ – പ്രതിപക്ഷങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കേരളത്തില്‍ രാഷ്‌ട്രപതി ഭരണം ബിജെപിയോ ആര്‍എസ്എസോ ആവശ്യപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച ചോദ്യം കേന്ദ്രസര്‍ക്കാരിനോട് ഉന്നയിക്കാനാണ് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൗസബളെ മാധ്യമങ്ങളോട് പറഞ്ഞത്.
സംസ്ഥാന ഭരണത്തെക്കുറിച്ച് വിലയിരുത്തേണ്ടത് ഗവര്‍ണറുടെ കടമയാണ്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ലാതെ വസ്തുതകള്‍ നേരിട്ടു മനസ്സിലാക്കാനാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം എല്ലാ ആദരവും നല്‍കി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തിയത്. പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയാനാണ് ഡിജിപിയെ വിളിച്ചുവരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ നടപടിയെ സിപിഎമ്മില്‍ ചിലരെങ്കിലും ന്യായീകരിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.
















