കൊല്ലം: സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് കെല്‍ട്രോണ്‍ തയ്യാറാക്കിയ വിശ്വാസ് സോഫ്റ്റ്വെയറിലൂടെ നടപ്പാക്കുന്ന കമ്പ്യൂട്ടര്‍ വത്ക്കരണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം. ജീവനക്കാരുടെ സംസ്ഥാന ലൈഫ് ഇന്‍ഷ്വറന്‍സ്, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതികളിലെ മുന്‍കാല പ്രീമിയം അടവ് വിവരങ്ങളാണ് ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്തുന്നത്.
2017 ഏപ്രില്‍ ഒന്നുമുതലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അഞ്ചുമാസം പിന്നിട്ടിട്ടും വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതില്‍ വലിയ പുരോഗതി കൈവരിച്ചില്ല. തുടര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനും വകുപ്പ് തലവന്മാര്, ഡിഡിഒമാര്‍, ഇന്‍ഷ്വറന്‍സ് വകുപ്പ്, കെല്‍ട്രോണ്‍, ഇന്‍ഷ്വറന്‍സ് വകുപ്പിലെ ട്രെയിനര്‍മാര്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവര്‍ക്ക് ചുമതലകള്‍ വിഭജിച്ച് നല്കി സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാന ലൈഫ് ഇന്‍ഷ്വറന്‍സ്-ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ അംഗങ്ങള്‍ അവരുടെ മുന്‍കാല പ്രീമിയം-വരിസംഖ്യ അടവ് വിവരങ്ങള്‍ കാലാകാലങ്ങളില്‍ ജോലി ചെയ്തിരുന്ന ഓഫീസുകളില്‍ നിന്ന് പാസ് ബുക്കുകളില്‍ രേഖപ്പെടുത്തി ഡിഡിഒമാര്‍ സാക്ഷ്യപ്പെടുത്തി നിലവിലെ ഡിഡിഒമാര്‍ക്ക് സമര്‍പ്പിക്കണം. പാസ്ബുക്കിലെ പ്രീമിയം അടവ് വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി പോര്‍ട്ടലില്‍ ഡിഡിഒമാരുടെ മേല്‍നോട്ടത്തില്‍ രേഖപ്പെടുത്തണം. ഇക്കാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന് ഒരു പാസ് ബുക്ക് എന്‍ട്രി ചെയ്യുന്നതിന് മൂന്നു രൂപ വീതം ലഭിക്കും.
പുതിയ നിര്‍ദ്ദേശ പ്രകാരം വകുപ്പ് തലവന്മാര് ഡിഡിഒമാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ഡിഡിഒമാര്‍ ജീവനക്കാരുടെ ഇന്‍ഷ്വറന്‍സ് വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തി അപ്ലോഡ് ചെയ്യണം. പാസ്ബുക്ക് ഇല്ലാത്ത പോളിസികളുടെയുടെയും അക്കൗണ്ടുകളുടെയും വിവരങ്ങള്‍ സോഫ്റ്റ്വെയറില് രേഖപ്പെടുത്തരുതെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. ഡാറ്റാ എന്‍ട്രി ചെയ്യുന്ന ജീവനക്കാര്‍ക്ക് പ്രതിഫലം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതും ഡിഡിഒമാരാണ്.
പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവരിക്കാനായി ഇന്‍ഷ്വറന്‍സ് വകുപ്പ് സംസ്ഥാന-ജില്ലാ തലത്തില്‍ കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കണം. ഡിഡിഒമാര്‍ക്ക് ഐടി@സ്കൂള്‍, പോലീസ് വകുപ്പിലെ ഡിഡിഒമാര്‍ക്ക് സ്പാര്‍ക്ക് മുഖാന്തിരവും പരിശീലനം നല്‍കണം. ഇതിനായി 30 ട്രെയിനര്‍മാരെ നിശ്ചയിക്കണം. എല്ലാ നടപടികളും നവംബര്‍ 30ന് മുന്‍പായി പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: