സ്വന്തം ലേഖകന്‍
കൊല്ലം: സിപിഎം ജില്ലാ കമ്മിറ്റിയില്‍ ചില നേതാക്കള്‍ നടത്തിയ തീവെട്ടിക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വെട്ടിപ്പ് അന്വേഷിക്കാന്‍ നിയോഗിച്ച രണ്ടംഗ സമിതി കണ്ടെത്തിയ വിവരങ്ങളാണ് മൂക്കത്ത് വിരല്‍വയ്ക്കുന്ന തരത്തില്‍ അഴിമതിയുടെ വിഴിപ്പുഭാണ്ഡമായി പുറത്തുവന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നാം മാസം മുതല്‍ വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തല്‍. പാര്‍ട്ടിഫണ്ടും ലെവിയുമടക്കമുള്ള 10 ലക്ഷത്തില്‍ താഴെയുള്ള തുക വിനിയോഗത്തില്‍ ക്രമക്കേട് കണ്ടെത്തിയതായിരുന്നു പ്രാഥമിക വിവരം. ഇത് അന്വേഷിക്കാന്‍ പി.രാജേന്ദ്രന് അടങ്ങുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ചുമതലപ്പെടുത്തി. അവര്‍ കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ പാര്‍ട്ടിഫണ്ടിന്റെയും ലെവി തുകയുടെയും തിരിമറി മാത്രമല്ല, നിയമനവും സ്ഥലംമാറ്റവും നല്‍കാമെന്ന പേരില്‍ പലരില്‍ നിന്നുമായി വാങ്ങിയ ലക്ഷങ്ങളുടെ കണക്കാണ് കണ്ടെത്തിയത്. എന്നാല്‍ ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ ജില്ലയിലെ പ്രമുഖരായ പാര്‍ട്ടി നേതാക്കള്‍ വിശേഷിപ്പിച്ച പിണറായി വിജയന്റെ വിശ്വസ്തന്മാര് ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ നടപടിയുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.
സിപിഎം ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറി കെ.ബി.അജയകുമാര്‍ വഴിയാണ് സാമ്പത്തികതിരിമറി എല്ലാം നടന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുന്‍ ജില്ലാസെക്രട്ടറി കെ.രാജഗോപാലിന്റെ ഏരിയാ കമ്മിറ്റിയിലുള്ള അജയകുമാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജഗോപാലന്റെ വിശ്വസ്തനായാണ് ഓഫീസ് സെക്രട്ടറിയായിവരുന്നത്. ഇതിന് മുമ്പ് സെക്രട്ടറിയായിരുന്ന രാധാകൃഷ്ണനെ മകന്റെ സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ട് ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയാണ് അജയകുമാറിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്.
പുതിയ ജില്ലാസെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ വന്നതോടെ ഇയാള്‍ അദ്ദേഹത്തിന്റെയും വിശ്വസ്തനായി. തുടര്‍ന്ന് ഇയാള്‍ ലക്ഷങ്ങളുടെ അഴിമതിയുടെ ഏജന്റായി സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റവും മന്ത്രിമാരുടെ ഓഫീസില്‍ നിന്നുള്ള മറ്റ് വഴിവിട്ട സഹായങ്ങളും തരപ്പെടുത്തിക്കൊടുക്കാന്‍ അജയകുമാറിന്റെ കയ്യിലൂടെ ലക്ഷങ്ങള്‍ ഒഴുകി എത്തേണ്ടിടത്തെത്തി. കൊല്ലത്തുനിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റംഗം എക്സ്.ഏണസ്റ്റാണ് സംഘടനാവഴിയിലെ പ്രധാന ഇടനിലക്കാരന്. കൊല്ലം മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ ഭര്‍ത്താവാണ് ഇദ്ദേഹം.
കൊല്ലം ജില്ലാകമ്മിറ്റിയുടെ പരിധിയില്‍ ഒന്നൊഴികെയുള്ള ഏരിയാ കമ്മിറ്റികള്‍ എല്ലാം ഇന്ന് പിണറായിപക്ഷത്താണ്. വിഎസ് പക്ഷത്തുള്ള ശൂരനാട് ഏരിയാ കമ്മിറ്റിയാകട്ടെ ഒറ്റപ്പെട്ട തുരുത്തിലകപ്പെട്ട നിലയിലുമാണിപ്പോള്. ശൂരനാട് ഏരിയാ കമ്മിറ്റിയുടെ ജീവവായുമായ മുന്‍ പിഎസ്സി ചെയര്മാന് എം.ഗംഗാധരകുറുപ്പിന്റെ രാഷ്ട്രീയഭാവിപോലും ഇതോടെ മുരടിച്ചതായി വിലയിരുത്തപ്പെടുന്നു.
പിണറായി വിഭാഗത്തിന്റെ കൈപ്പിടിയിലൊതുക്കിയ ജില്ലാ കമ്മിറ്റികള്‍ സെക്രട്ടറിക്കും ബൂര്‍ഷ്വാ പാരമ്പര്യമാണെന്ന് പാര്‍ട്ടികളില്‍തന്നെ അരോപണമുയര്‍ന്നിരുന്നു.
കോടീശ്വരനായ സര്‍ക്കാര്‍ കരാറുകാരന് കലഞ്ഞൂര്‍ മധുവിന്റെ അനുജനായ ബാലഗോപാല്‍ തന്റെ കുടുംബാംഗങ്ങള്‍ക്ക് പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് വഴിവിട്ട പല സഹായങ്ങളും ചെയ്തുകൊടുക്കാന്‍ സജീവമായി രംഗത്തുണ്ടെന്നും അഴിമതി അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷനുമുന്നില്‍ ചുമതലപ്പെട്ട പാര്‍ട്ടി അംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഇടനിലക്കാരനായ ഓഫീസിലെ സൂപ്പര്സെക്രട്ടറി കീശയിലാക്കിയതും ലക്ഷങ്ങള്‍. അന്വേഷണ കമ്മീഷന്റെ ആദ്യറിപ്പോര്‍ട്ട് ഇങ്ങനെ നീളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: