തിരുവനന്തപുരം: സ്കൂളില്‍ പോകുന്നുണ്ടോ? ചോദ്യത്തിനു മറുപടിയായി ഉണ്ടെന്ന് ആദിത്യന് തലകുലുക്കി. കൂടുതല്‍ എന്തെങ്കിലും ചോദിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല കേന്ദ്ര മന്ത്രിയും.
സിപിഎം അക്രമികള്‍ ക്രൂരമായി വധിച്ച ആര്‍എസ്എസ് കാര്യവാഹിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഏറെ വിഷമിച്ചു.
പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും തിരക്കിലും ദു:ഖമടക്കാനാവാത്ത രണ്ടുപേര്‍ ആ വീട്ടിലുണ്ടായിരുന്നു. രാജേഷിന്റെ അഞ്ചുവയസ്സുകാരന് മകന് ആദിത്യനും മൂന്നരവയസ്സുകാരന് മകന് അഭിലാഷും. വീട്ടിലെ ചെറിയ മുറിയിലെ കട്ടിലില്‍ രാജേഷിന്റെ അച്ഛന് സുദര്‍ശനും അമ്മ ലളിതകുമാരിയും ഭാര്യ റീനയും സഹോദരന് രാജീവും സഹോദരി രാജിയുമുണ്ടായിരുന്നു.
അമ്മയുടെ മടിയില്‍ കിടന്ന ആദിത്യന്റെ കണ്ണുകള്‍ ഇടയ്ക്കിടെ നിറഞ്ഞു. രാജേഷിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന ചിത്രമുള്ള ബാഡ്ജ് നോക്കിയായിരുന്നു ആദി കണ്ണീര് പൊഴിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായ അഭി ഇപ്പോള്‍ അച്ഛന് ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. രാജേഷിന്റെ അമ്മാവന്റെ മകന് സുജിത്തിന്റെ തോളിലായിരുന്നു അഭി. ആള്‍ക്കൂട്ടത്തിനിടയിലും സുജിത്തിനോട് ചെവിയില്‍ അച്ഛനെവിടെ എന്ന് ചോദിക്കുന്നു. അമ്മയോടും ചേട്ടനോടും ഒപ്പം ഇരുത്താമെന്നു പറഞ്ഞെങ്കിലും അഭി അതിന് വഴങ്ങിയില്ല.
ജെയ്റ്റ്ലി രാജേഷിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അദ്ദേഹം അകത്തുവന്നപ്പോള്‍ ആരോ അഭിയുടെ ഉടുപ്പില്‍ കുത്തിയിരുന്ന അച്ഛന്റെ ചിത്രമുള്ള ബാഡ്ജ് അഴിച്ചുമാറ്റി. പോക്കറ്റില്‍ ബാഡ്ജ് വച്ചപ്പോള്‍ അഭി ശാന്തനായി. ആദിത്യനെ അടുത്ത് വിളിച്ച്, ചേര്‍ത്തു നിര്‍ത്തി കേന്ദ്രമന്ത്രി സ്കൂള്‍ വിശേഷങ്ങള്‍ തിരക്കി.
പാര്‍ട്ടിയുടെ ധനസഹായം കുടുംബത്തെ ഏല്‍പ്പിച്ച് എല്ലാവരെയും സമാശ്വസിപ്പിച്ച് കൈകൂപ്പി യാത്ര പറഞ്ഞായിരുന്നു ജെയ്റ്റിലി പടിയിറങ്ങിയത്. അപ്പോഴും രാജേഷിന്റെ പുഞ്ചിരിക്കുന്ന ചിത്രത്തിന് മുന്നില്‍ കത്തിച്ചുവച്ച വിളക്ക് ജ്വലിക്കുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: