തളിപ്പറമ്പ്: തളിപ്പറമ്പില്‍ വ്യാജ രേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതികളെന്ന് സംശയിക്കുന്നവരെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായ ആരോപണം ശക്തം. സ്വത്ത് തട്ടിയെടുക്കുന്നതിന് കൂട്ടുനിന്നതായി കര്‍മ്മ സമിതി ചൂണ്ടിക്കാട്ടിയ പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമുള്‍പ്പെടെയുളള ചില പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് കോടതി ജാമ്യത്തില്‍ വിട്ട ജാനകിയേയും ഒളിവില്‍ കഴിയുന്ന മുഖ്യപ്രതിയും അഭിഭാഷകയും ജാനകിയുടെ സഹോദരിയുമായ ശൈലജയേയും ഭര്‍ത്താവ് കൃഷ്ണകുമാറിനേയും മാത്രം പ്രതിപട്ടികയില്‍പ്പെടുത്തി അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. ഇവര്‍ക്ക് സ്വത്ത് തട്ടിയെടുക്കുന്നതിന് പ്രധാന സഹായം ചെയ്തവരെന്ന് സംശയിക്കുന്ന ഉന്നതരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് ഇതുവരെ തയ്യാറാവാത്തതുമാണ് ആരോപണത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
അതേസമയം തളിപ്പറമ്പിലെ പരേതനായ ക്യാപ്റ്റന്‍ ഡോ.കുഞ്ഞമ്പുനായരുടെ മകന്‍ റിട്ട: ഡെപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ പരിയാരം അമ്മാനപ്പാറയിലെ കോടികള്‍ വിലമതിക്കുന്ന എട്ട് ഏക്കര്‍ സ്ഥലം പയ്യന്നൂരിലെ അഭിഭാഷക കെ.വി ശൈലജ സ്വന്തമാക്കിയത് വ്യാജരേഖ ചമച്ചാണെന്ന് പോലീസ് കണ്ടെത്തി.
കുഞ്ഞമ്പു ഡോക്ടറുടെ പേരിലുള്ള ഭൂമി എങ്ങനെയാണ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട മകന്‍ റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ പേരിലാക്കിയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ബാലകൃഷ്ണന്റെ പേരിലാക്കിയ ഭൂമി ഭാര്യയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ പയ്യന്നൂര്‍ തായിനേരിയിലെ കെ.വി ജാനകിയാണ് സഹോദരിയായ അഡ്വ: ശൈലജക്ക് ഇഷ്ടദാനം നല്‍കിയത്.
ഇത്തരത്തില്‍ നല്‍കിയ ദാനാധാരം വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായാണ് സൂചന. പ്രമാണത്തില്‍ പറയുന്ന സര്‍വ്വേ നമ്പറും പ്ലാനും തെറ്റാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രേഖയില്‍ ജാനകിയല്ല ഒപ്പിട്ടതെന്നും പകരം മറ്റാരോ ആണെന്നും പോലീസ് കണ്ടെത്തിയതായി അറിയുന്നു. ബാലകൃഷ്ണന്റെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് രൂപീകരിച്ച ആക്ഷന്‍കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പത്മന്‍ കോഴൂരിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ മുഖ്യമന്ത്രിയെകാണും.
അതിനിടെ കുഞ്ഞമ്പുനായരുടെ അമ്മാനപാറയിലുള്ള സ്ഥലത്തുനിന്നും ചെങ്കല്‍ ഖനനം നടത്തിവരുന്നത് പരിയാരം വില്ലേജ് ഓഫീസര്‍ തടഞ്ഞിട്ടുണ്ട്. മുഖ്യപ്രതികളായ അഭിഭാഷകയുടേയും ഭര്‍ത്താവിന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ 14 ന് ഹൈക്കോടതി പരിഗണിക്കും. കോടതി ആവശ്യപ്പെട്ടത് പ്രകാരം കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ ഹൈക്കോടതിയില്‍ ഹാജരാകും.
















