കാസര്‍ഗോഡ്: വീട്ടില്‍ നിന്നും കാണാതായ നാലു വയസുകാരി സനാഫാത്തിമയെ കണ്ടെത്താന്‍ മൂന്ന് ദിവസമായി നടത്തിവന്ന തെരച്ചില്‍ വിഫലമായി. കാസര്‍കോട് പാണത്തൂരിലെ ഇബ്രാഹിമിന്റെ മകള്‍ സന ഫാത്തിമയെയാണ് വ്യാഴാഴ്ച വൈകിട്ട് വീടിന് സമീപത്ത് നിന്ന് കാണാതായത്. സമീപത്തെ പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാകാം എന്ന ധാരണയില്‍ മൂന്നു ദിവസമായി നടത്തിയ തെരച്ചലില്‍ ഫലം കണ്ടില്ല.
അംഗന്‍വാടി വിദ്യാര്‍ഥിനിയായ സന വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ എത്തിയ ശേഷമാണ് കാണാതാകുന്നത്. വീടിന് സമീപത്തെ ഓടയിലെ പൈപ്പിന് സമീപം കട്ടിയുടെ കുടയും ചെരുപ്പുകളും കണ്ടെത്തി. കുട്ടി വെള്ളത്തില്‍ ഒഴുകിപ്പോയതാകാം എന്ന നിഗമനത്തില്‍ ബന്ധുക്കളും നാട്ടുകാരും അപ്പോള്‍ തന്നെ തെരച്ചില്‍ തുടങ്ങി. പിന്നീട് ഫയര്‍ഫോഴ്സും പോലീസും തെരച്ചലില്‍ പങ്കാളികളായി. സമീപത്തെ പുഴയും ജലാശയങ്ങളും പറമ്പുകളും അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തിലും സനയെ കണ്ടെത്താനായില്ല.
ഓടയിലുള്ള ചെറുമീനുകളെ നോക്കിനില്‍ക്കുന്നതിനിടയിലാണ് സന ഫാത്തിമയെ കാണാതായതെന്നാണ് അമ്മയുടെ മൊഴി. കുട്ടി ഒഴുകിപ്പോയതാണെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും 10 ശതമാനം മാത്രമാണ് കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത നിലനില്‍ക്കുന്നത്. സനയെ കാണാതായ ദിവസം വരെ തുടര്‍ച്ചയായി മൂന്ന് ദിവസം നല്ല മഴയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അത് കൊണ്ടുതന്നെ ഓടയില്‍ സാമാന്യം വെള്ളമുണ്ടായിരുന്നു. എന്നാല്‍ കുട്ടി ഒഴുകിപ്പോകാന്‍ മാത്രം വെള്ളമുണ്ടായിരുന്നില്ലെന്ന അഭിപ്രായവും നാട്ടുകാരില്‍ ചിലര്‍ക്കുണ്ട്.
കുട്ടിയുടെ ചെരിപ്പുകളും കുടയും കണ്ടെത്തിയ ഭാഗത്ത് ഓടയില്‍ കാര്യമായ ഒഴുക്കുണ്ടായിരുന്നില്ല. മൂന്ന് ദിവസത്തെ തെരച്ചിലിലും കുട്ടിയെ
കണ്ടെത്താനാകാത്തത് ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. സനയുടെ കുടുംബവും നാട്ടുകാരും കുട്ടിയെ പെട്ടെന്ന് കാണാതായതിന്റെ ഞെട്ടലിലാണ്. രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
















