പള്ളുരുത്തി: വേമ്പനാട്ടു കായല്‍പരപ്പുകളിലും ഉള്‍നാടന്‍ കായലുകളില്‍ നിന്നും വിത്തു ഞണ്ടുകള്‍ (പൊടി ഞണ്ടുകള്‍) കൂട്ടത്തോടെ വലയില്‍ കുരുങ്ങുന്നു. ഊന്നിവലകളിലും ചീനവലകളിലും ഉടക്കുന്ന ഞണ്ടുകള്‍ കൂട്ടത്തോടെ നശിക്കുകയുമാണ്. രാജ്യത്തിന് ഏറ്റവും അധികം വിദേശനാണ്യം നേടിത്തരുന്ന കായല്‍ വിഭവങ്ങളില്‍ ഒന്നാം സ്ഥാനമാണ് ഞണ്ടുകള്‍ക്ക്.
സിങ്കപ്പൂര്‍, മലേഷ്യ, ഫിലിപ്പീന്‍സ്, മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഞണ്ടിന് വന്‍ ഡിമാന്റാണ്.
മത്സ്യങ്ങള്‍ക്കൊപ്പം വലകളില്‍ കുടുങ്ങുന്ന ഞണ്ടുകളെ തിരിഞ്ഞു മാറ്റുന്നതിനു മുന്‍പുതന്നെ ചാവുകയാണ്. കായലില്‍ നാട്ടിയിരിക്കുന്ന ഓരോ വലകളിലും നൂറുകണക്കിന് പൊടിഞണ്ടുകളാണ് കുടുങ്ങുന്നത്.
ഇത്തരത്തില്‍ ദിനംപ്രതി ആയിരക്കണക്കിന് ഞണ്ടു വിത്തുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. വലകളില്‍ കുരുങ്ങുന്ന പൊടിഞണ്ടുകളെ തിരികെ കായലില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുന്നുണ്ടെങ്കിലും ഇത് പ്രായോഗികമല്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടയിലാണ് പൊടി ഞണ്ടുകള്‍ വലയില്‍ കുരുങ്ങാന്‍ തുടങ്ങിയതെന്ന് പറയുന്നു. ചെറുഞണ്ടുകളുടെ കൂട്ടനാശം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഞണ്ടുകള്‍ കായലുകളില്‍ നിന്ന് കൊഴിഞ്ഞു പോകാന്‍ കാരണം അടിത്തട്ടിലെ ആവാസവ്യവസ്ഥകളിലെ മാറ്റമാകാമെന്ന് ഫിഷറീസ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ബി. മധുസൂദനക്കുറുപ്പ് ജന്മഭൂമിയോട് പറഞ്ഞു.
പാര്‍ശ്വഭാഗത്തും കായല്‍ അടിത്തട്ടിലുമാണ് ഞണ്ടുകള്‍ പ്രജനനം നടത്തുന്നത്. കായല്‍ അടിത്തട്ടില്‍ മണല്‍ മാറി എക്കല്‍ നിറഞ്ഞതും ഇത്തരം ഞണ്ടുകള്‍ മറ്റൊരു ദിശയിലേക്ക് പ്രയാണം ചെയ്യുന്നതിന് കാരണമായെന്നും അദ്ദേഹം പറയുന്നു. കായലിലെ മാലിന്യത്തിന്റെ അളവ് വന്‍തോതില്‍ വര്‍ദ്ധിച്ചതും ഇത്തരം അവസ്ഥയ്ക്ക് കാരണമാകാമത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: