കാസര്‍കോട്: കടലാടിപ്പാറയിലെ ബോക്സൈറ്റ് ഖനനത്തിന് മുന്നോടിയായുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തെളിവെടുപ്പ് മാറ്റിവച്ചു. നാട്ടുകാരുറ്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് നടത്താനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന് തെളിവെടുപ്പ് നടത്താനായില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഉദ്യോഗസ്ഥരും കമ്പനി ലോബിയും ഒത്തുകളിച്ചാണ് തെളിവെടുപ്പ് നടത്തുന്നതെന്ന് സര്‍വ്വകക്ഷി ജനകീയ സമിതി പറയുന്നു. ആശാപുര കമ്പനിക്ക് 2007 ല്‍ നല്‍കിയ മൈനിംഗ് ലീസ് പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പദ്ധതിയെകുറിച്ചുള്ള ആശങ്കകള്‍ മാറ്റാനായി ഹൈക്കോടതി നിര്‍ദ്ദേശാനുസരണം നടത്തുന്ന തെളിവെടുപ്പ് തടസ്സപ്പെടുത്തുന്നത് വഴി സിപിഎം പ്രദേശത്ത് നടത്തിയിരിക്കുന്ന ഭൂമി കയ്യേറ്റങ്ങള്‍ക്ക് മറയിടാനാണെന്ന് ആരോപണവുമുണ്ട്. തെളിവെടുപ്പില്‍ പങ്കെടുത്ത് ജനങ്ങളുടെ ആശങ്കളും പരാതികളും അഭിപ്രായങ്ങളും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കാതെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി രാഷ്‌ട്രീയ ആയുധമാക്കാനാണ് സിപിഎം ശ്രമം.
സിപിഎം നിലേശ്വരം എരിയ സെക്രട്ടറി ഉള്‍പ്പെട്ട ചിട്ടി ഫണ്ട് തട്ടിപ്പില്‍ നിന്ന ശ്രദ്ധ തിരിക്കാനാണ് സമരനാടകമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. 2007ലെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്താണ് ഖനനത്തിന് ഏറെക്കുറെ അനുമതി നല്‍കിയത്. അന്ന് എളമരം കരീമിന്റെ നേതൃത്വത്തില്‍ പ്രദേശത്തിന്റെ ഘടനയെ കുറിച്ച് പഠിക്കാന്‍ ടെക്‌നിക്കല്‍ കമ്മറ്റിയെ വെച്ചതുമാണ്. 2009 ല്‍ സിപിഎം ജില്ലാ കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്പനിയുടെ ഗുജറാത്തിലുള്ള ഖനന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
















