ആലപ്പുഴ: ഗുരുദേവന് രചിച്ച ദൈവദശകത്തെ അവഹേളിക്കുന്നവര്‍ ഭ്രാന്തമായ മനസ്സുകളുടെ ഉടമകളാണെന്ന് മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പര്‍ശാനന്ദ. ആത്മീയമായ എന്തിനെയും മോശമെന്നു ചിത്രീകരിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. വേദാന്ത കൃതിയാണ് ദൈവദശകം.
അന്നവും വസ്ത്രവും നല്കുന്ന ദൈവത്തിനോട് നന്ദിപറയുന്ന പ്രാര്ത്ഥനകൂടിയാണിത്. അല്ലാതെ അന്നവും വസ്ത്രവും നല്കാന് ഭിക്ഷ യാചിക്കുന്ന പ്രാര്‍ത്ഥനയല്ലിത്. ഭാരതം എല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കുന്ന നാടാണ്. ദൈവം ഉണ്ടെന്നും ദൈവം ഇല്ലെന്നും ആര്‍ക്കും വിശ്വസിക്കാം. ദൈവം ഇല്ലെന്നു പറയാന്‍ കഴിയുന്നതുതന്നെ ദൈവം ഉണ്ടെന്നതിന്റെ തെളിവാണ്.
പ്രാര്‍ത്ഥനയാണ് എല്ലാത്തിന്റെയും അടിസ്ഥാനം.
പ്രാര്ത്ഥിക്കാത്തവന് ഉപ്പില്ലാത്ത കഞ്ഞിയാണ് നല്‍കേണ്ടതെന്ന് ശ്രീനാരായണഗുരുതന്നെ പറഞ്ഞിട്ടുണ്ട്. മക്കള്‍ക്ക് അച്ഛനമ്മമാരോടുള്ള കടപ്പാടുതന്നെയാണ് ദൈവത്തോടുമുള്ളത്. ദൈവമെന്നാല്‍ കേവലം വിഗ്രഹം മാത്രമല്ല.
ഗുരുദേവനെയും ദൈവദശകത്തെയും അവഹളിക്കുന്നവരെയും രചനകളെയും ബഹിഷ്കരിക്കുകയാണ് വേണ്ടത്. അല്ലാതെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും വരുതിക്കു വരുത്തുന്നത് നമ്മുടെ സംസ്കാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: