കാസര്‍കോട്: കാഞ്ഞങ്ങാട്ടെ വ്യാജ പാസ്പോര്‍ട്ട് കേസുകളില്‍ 19 എണ്ണം കൂടി ക്രൈംബ്രാഞ്ചിന് വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി വ്യാജ പാസ്പോര്‍ട്ടുകളില്‍ ഉപയോഗിച്ചിട്ടുള്ള ഫോട്ടോകള്‍ ക്രൈംബ്രാഞ്ച് അധികൃതര്‍ പുറത്തുവിട്ടു.
19 കേസുകള്‍ കൂടിയെത്തിയതോടെ കാസര്‍കോട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വ്യാജ പാസ്പോര്‍ട്ട് കേസുകളുടെ എണ്ണം 55 ആയി. ഇവയില്‍ ഒന്പതുകേസുകളില് ക്രൈംബ്രാഞ്ച് തുമ്പുണ്ടാക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്‍സ്പെക്ടര്‍മാരായ എ.സതീഷ്കുമാര്‍, പ്രേംസദന് എന്നിവരാണ് കേസന്വേഷിക്കുന്നത്. ഡിവൈഎസ്പി കെ.കെ.മാര്‍ക്കോസ് നേതൃത്വം നല്കുന്നു.
വ്യാജ രേഖകള്‍ ചമച്ച് പാസ്പോര്ട്ടുകള് സ്വന്തമാക്കിയ കേസുകള്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസാണ് രജിസ്റ്റര്‍ ചെയ്തത്. ഒന്നിന് പുറകെ ഒന്നായി 55 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും തട്ടിപ്പുകാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നുവെങ്കിലും അന്വേഷണം തുടങ്ങും മുമ്പെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് കേസ് കൈമാറുകയായിരുന്നു.
എന്നാല്‍ പ്രാഥമിക അന്വേഷണം നടത്തിയ ആഭ്യന്തര സുരക്ഷാ വിഭാഗം കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് തന്നെ നടത്തിയാല്‍ മതിയെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ കാസര്‍കോട് യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് വ്യാജരേഖകള്‍ ചമച്ച് പാസ്പോര്ട്ടുകള് സ്വന്തമാക്കിയ ഒന്‍പതുപേരെ അറസ്റ്റ് ചെയ്തത്.
വ്യാജസീല്‍, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ തയ്യാറാക്കിയാണ് പാസ്പോര്‍ട്ട് അപേക്ഷകള്‍ നല്‍കിയത്. അപേക്ഷകര്‍ക്ക് പാസ്പോര്ട്ടുകള് നല്കിയ ശേഷമാണ് ഖേകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: