കണ്ണൂര്‍: മൂല്യമറിയുക, ജലം കാത്തുവയ്ക്കുക എന്ന മുദ്രാവാക്യവുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജലസംരക്ഷണ കാംപയിന് വിജയിപ്പിക്കാന്‍ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരും രംഗത്തിറങ്ങും. പഞ്ചായത്ത് തലത്തില്‍ ഓരോ കുടുംബശ്രീ യൂനിറ്റിന്റെയും നേതൃത്വത്തില്‍ ഗൃഹസന്ദര്ശനമുള്പ്പെടെ വിപുലമായ പദ്ധതികളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുക. വരുംദിനങ്ങളില്‍ ലഭിക്കുന്ന മഴവെള്ളം പരമാവധി ഭൂമിയിലേക്കിറക്കുന്നതിന് ഓരോ വീട്ടിനും അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി ഗൃഹനാഥനെ ബോധ്യപ്പെടുത്തുകയാണ് ഗൃഹസന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ അനുഭവിച്ചതില്‍ വച്ചേറ്റവും ശക്തമായ വരള്‍ച്ചയാണ് കഴിഞ്ഞ വേനലില്‍ ജില്ല അനുഭവിച്ചത്. എന്നാല്‍ മഴയെത്തിയതോടെ വേനലിലെ ദുരിതങ്ങള്‍ ആളുകള്‍ മറന്ന സ്ഥിതിയാണ്. ഈ വര്‍ഷം ജില്ലയില്‍ ഇതുവരെ ലഭിച്ച മഴ 30 ശതമാനം കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ അടുത്തവേനലിലെ ജലക്ഷാമത്തിന്റെ രൂക്ഷത കുറയ്ക്കാന്‍ മഴവെള്ളം ഭൂമിയിലേക്കിറക്കുന്നതിലൂടെ ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്തുകയല്ലാതെ വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ മുന്നോടിയായി രണ്ടുദിവസത്തിനകം ജലസംരക്ഷണം മുഖ്യ അജണ്ടയായി സിഡിഎസ് യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. വരുന്ന ശനി, ഞായര്‍ തീയതികളിലായി ചേരുന്ന കുടുംബശ്രീ യോഗത്തില്‍ പ്രധാന അജണ്ടയായി ജലസംരക്ഷണ കാംപയിന് ചര്‍ച്ച ചെയ്യും. യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിച്ചാണ് ഗൃഹസന്ദര്‍ശനം നടത്തുക. ഗൃഹസന്ദര്‍ശനങ്ങളിലൂടെ മഴ വെള്ളം ഭൂമിയിലേക്കിറക്കണമെന്ന ബോധം ഓരോ വീട്ടുകാരിലും എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അടുത്ത മൂന്നു മാസം നടക്കുന്ന ഓരോ കുടുംബശ്രീ യൂനിറ്റും തങ്ങളുടെ യൂനിറ്റു പരിധിയില്‍ നടപ്പാക്കിയ ജലസംരക്ഷണ പ്രവൃത്തികളുടെ റിപ്പോര്‍ട്ട് സിഡിഎസ്സിന് കൈമാറണം. ഇവ ക്രോഡീകരിച്ച് ഓരോ മാസവും ചേരുന്ന സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ യോഗത്തില്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, ടി.ടി.റംല, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ഗോവിന്ദന്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഡോ.സുര്‍ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല നേരിടുന്ന ജലദൗര്‍ലഭ്യത, ജലസംരക്ഷണ മാര്‍ഗങ്ങള്‍, മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.വി പ്രകാശന്, കെ.പി അബ്ദുസ്സമദ്, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അഷ്റഫ് എന്നിവര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: