സതീശന് ഇരിട്ടി
ഇരിട്ടി: സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ ഇരിട്ടിയെ വിഭജിച്ച് പേരാവൂര്‍ ആസ്ഥാനമായി വിദ്യാഭ്യാസ ഉപജില്ല സ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനം പൂര്‍ണ്ണമായും വഴിമുട്ടി. ഇതോടെ ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലെ ജോലിഭാരത്താല്‍ വീര്‍പ്പുമുട്ടലില്‍ നിന്നുമുള്ള മോചനം പ്രതീക്ഷിച്ചവര്‍ നിരാശയിലായി.
കഴിഞ്ഞ യുഡിഎഫ് ഗവര്‍മെന്റിന്റെ കാലത്താണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ഇരിട്ടിയെ വിഭജിച്ച് പേരാവൂര്‍ ആസ്ഥാനമായി മറ്റൊരു ഉപജില്ലാ ഓഫീസ് കൂടി തുടങ്ങാന്‍ ഗവണ്മെന്റ് തീരുമാനിച്ചത്. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിക്കുകയും, 12 തസ്തികകള്‍ സൃഷ്ടിക്കുകയും ഒരു ജൂനിയര്‍ സൂപ്രണ്ടിനെ നോഡല്‍ ഓഫീസറായി നിയമിക്കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് വരികയും പുതിയ ഗവണ്മെന്റ് അധികാരത്തില്‍ വരികയും ചെയ്തതോടെ എല്ലാം കടലാസിലൊതുങ്ങുകയും വിഭജനം തകിടം മറിയുകയായിരുന്നു.
ആറ് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി, 13 ഏയ്ഡഡ് ഹയര്‍ സെക്കണ്ടറി അടക്കം യുപിയും, എല്‍പിയും ചേര്‍ന്ന്, 113 സ്കൂളുകളുടെ ചുമതലകളാണ് ഈ വിദ്യാ ഭ്യാസ ഓഫീസറുടെ കീഴില്‍ നിര് വഹിക്കേണ്ടി വരുന്നത്. കൂടാതെ ഇരുപതിലേറെ സ്പെഷ്യല്‍ സ്കൂളുകളും, പതിനൊന്നോളം ഏകാധ്യാപക വിദ്യാലയങ്ങളും ഇതിന്റെ പരിധിയില്‍ വരുന്നുണ്ട് .
ഇരിട്ടി നഗരസഭയും മലയോര മേഖല ഉള്‍പ്പെടുന്ന പന്ത്രണ്ടോളം പഞ്ചായത്തുകളും ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഇരിക്കൂര്‍, മട്ടന്നൂര്‍ നിയമസഭകളിലെയും, തില്ലങ്കേരി, കോളയാട് പഞ്ചായത്തുകളിലേയും ഏതാനും സ്കൂളുകളും ഇരിട്ടിയുടെ ഭാഗമായുണ്ട്. ഒന്നുമുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ 21522 വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കേണ്ട ചുമതലയും ഇവര്‍ നിര് വഹിക്കേണ്ടി വരുന്നു. വയനാടിന്റെ അതിര്‍ത്തി പ്രദേശമായ ഏലപ്പീടികമുതല് കര്‍ണാടകത്തിന്റെ അതിര്‍ത്തിയായ പേരട്ടവരെ നീണ്ടുകിടക്കുന്ന കുന്നും മലകളും, കാടും കാട്ടരുവികളും നിറഞ്ഞ പ്രദേശങ്ങളില്‍ നിന്നും സ്കൂളുകളുടെ ഭരണപരമായ ആവശ്യങ്ങള്‍ക്കും മറ്റു വിവിധ ആവശ്യങ്ങള്‍ക്കും ഇരിട്ടി ഉപവിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ എത്തിച്ചേരേണ്ട ഇവിടുത്തെ സ്കൂള്‍ അധികൃതരുടെ കാര്യം ഏറെ ദയനീയമാണ്.
ഇതിനു പരിഹാരമായായിരുന്നു ഇരിട്ടിയെ വിഭജിച്ച് പേരാവൂര്‍ കേന്ദ്രമായി പുതിയ വിദ്യാഭ്യാസ ജില്ല എന്ന ആശയം ഉദിച്ചതും അതിനുള്ള ശ്രമം കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്ത് ആരംഭിച്ചതും. എന്നാല്‍ ഇതെല്ലാം കടലാസില്‍ ഒതുങ്ങുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.
വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം കൊണ്ടുവരുന്നു എന്ന് പറയുന്ന ഗവര്‍മെന്റ് എത്രയും പെട്ടെന്ന് തന്നെ ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയെ വിഭജിച്ച് തങ്ങളുടെ ജോലിഭാരം കുറച്ച് ഈ മേഖലയിലെ പ്രവര്‍ത്തനം സുഗമമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ഈ മേഖലയിലെ സ്കൂള്‍ അധികാരികളും ഇരിട്ടി ഉപജില്ലാ അധികൃതരും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: