തളിപ്പറമ്പ്: തൃച്ഛംബരത്തെ റിട്ട. ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ കോറോം സ്വദേശിയും ഇപ്പോള്‍ രാമന്തളിയില്‍ താമസക്കാരിയുമായ ജാനകിയെയും സഹോദരന്‍ ഓട്ടോഡ്രൈവര്‍ രാഘവനെയും ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സിഐ എം.പി ആസാദ് ചോദ്യം ചെയ്തു.
രാഘവനെ തിങ്കളാഴ്ച വൈകീട്ടും ജാനകിയെ ഇന്നലെ രാവിലെയുമാണ് ചോദ്യം ചെയ്തത്. ബാലകൃഷ്ണന്‍ ജാനകിയെ വിവാഹം ചെയ്‌തെന്ന വ്യാജരേഖയാണ് സഹോദരിയായ അഡ്വ: ശൈലജകുമാരിയും ഭര്‍ത്താവും സൃഷ്ടിച്ചത്. പിന്നീട് ഇവര്‍ കൃത്രിമരേഖ ചമച്ച് ബാലകൃഷ്ണന്റെ കോടികളുടെ സ്വത്ത് കൈവശപ്പെടുത്തി. ഇത് സംബന്ധിച്ച് നിര്‍ണായക മൊഴിയാണ് ഇവരില്‍ നിന്ന് പോലീസിന് ലഭിച്ചത്. അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയില്ല. ജാനകിയുടെ സഹോദരി ശൈലജയുടെ തായിനേരിയിലെ വീട്ടില്‍ സിഐ ആസാദിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇവര്‍ ഒളിവില്‍ പോയതായാണ് വിവരം. അറസ്റ്റ് നടക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. അതിനിടെ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും മാഫിയാ ബന്ധം പുറത്തുകൊണ്ടുവരണമെന്നും സിപിഎം പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി.ഐ.മധുസൂദനന്‍ ആവശ്യപ്പെട്ടു.
















