പേരാവൂര്‍: ഇല്ലായ്‌മകളുടെ നടുവില്‍നിന്ന് ആദിവാസി യുവാവിന് അഖിലേന്ത്യാ നീറ്റ് പരീക്ഷയില്‍ മികച്ച നേട്ടം. നെടുംപൊയില്‍ ചെക്കേരി കോളനിയിലെ കണ്ടത്തില്‍ രാധയുടെ മകന്‍ മനു (19) വിനാണു നീറ്റ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ പത്താംറാങ്ക് ലഭിച്ചത്.
മനു കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്മിഷനും കരസ്ഥമാക്കി. വീട്ടില്‍നിന്നും ആറു കിലോമീറ്റര്‍ അകലയുള്ള വേക്കളം എയ്ഡഡ് യുപി സ്‌കൂളില്‍നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മനു തുടര്‍ന്ന് കോളയാട് സെന്റ് കൊര്‍ണേലിയൂസ് സ്‌കൂളില്‍നിന്ന് 83 ശതമാനം മാര്‍ക്ക് നേടിയാണ് എസ്എസ്എല്‍സി പാസായത്.
തുടര്‍ന്നു മണത്തണ ജിഎച്ച്എസ്എസില്‍ നിന്ന് 70 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പൂര്‍ത്തിയാക്കി. പ്ലസ്ടുവിനുശേഷം കോട്ടയം എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ പട്ടികവര്‍ഗ ക്വാട്ടയില്‍ മനുവിന് 2016ല്‍ അഡ്മിഷന്‍ ലഭിച്ചു. എന്നാല്‍ റാങ്കില്‍ പിന്നോക്കം പോയതിനാല്‍ ആയുര്‍വേദ കോഴ്‌സിനാണ് അഡ്മിഷന്‍ ലഭിച്ചത്. എന്‍ട്രന്‍സിനു 35 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ളതിനാല്‍ ഒരുവര്‍ഷംകൂടി പഠിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് കഠിനപരിശീലനത്തിനൊടുവില്‍ അഖിലേന്ത്യാ നീറ്റ് ജനറല്‍ വിഭാഗത്തില്‍ 12,210 ാം റാങ്കും പട്ടികവിഭാഗത്തില്‍ പത്താംറാങ്കും നേടുകയായിരുന്നു.
ആഗസ്റ്റ് ഏഴിനു തുടങ്ങുന്ന എംബിബിഎസ് ക്ലാസിനുള്ള തയാറെടുപ്പിലാണ് മനു. രാധയാണു മനുവിന്റെ അമ്മ. മനുവിനു മൂന്നു വയസുള്ളപ്പോള്‍ അച്ചന്‍ ഉപേക്ഷിച്ചുപോയതാണ്. മൂത്തസഹോദരന്‍ ബിനു എസ്എസ്എല്‍സി പരീക്ഷയില്‍ നല്ല മാര്‍ക്കോടെ പാസായെങ്കിലും കുടുംബപ്രാരാബ്ധങ്ങള്‍ കാരണം തുടര്‍പഠനത്തിനു സാധിച്ചിരുന്നില്ല. ചെക്കേരി കുറിച്യ കോളനിയില്‍ ഉപാധികളോടെ പതിച്ചുകിട്ടിയ ഭൂമിയിലാണ് ഈ കുടുംബത്തിന്റെ താമസം. അമ്മയും സഹോദരനും കൂലിപ്പണിയെടുത്തു കൊണ്ടുവരുന്ന വരുമാനം മാത്രമാണു മനുവിന്റെ പഠനച്ചെലവുകള്‍ക്ക് ആശ്രയം.
















