അശ്വമേധ യജ്ഞത്തിലെ നിമിത്താദികള്‍ വിലയിരുത്തിയ ഋശ്യ ശൃംഗന്‍ മഹാരാജാവിനായി പ്രത്യേകം പുത്രകാമേഷ്ടി യാഗവും നടത്താന്‍ തയ്യാറായി. അഥര്‍വവേദ പ്രോക്തമായ പുത്രകാമേഷ്ടി യാഗം ഋശ്യ ശൃംഗന്‍ നടത്തിയപ്പോള്‍ സര്‍വദേവകളും അവിടെ സന്നിഹിതരായിരുന്നു.
ആവാഹിച്ചിരുത്തിയിരുന്ന ഇന്ദ്രാദികള്‍ ബ്രഹ്മദേവനെക്കണ്ടപ്പോള്‍ ഒരു പരാതി അറിയിച്ചു. രാവണാദി രാക്ഷസന്മാരുടെ ഉപദ്രവം സഹിക്കവയ്യാതായിരിക്കുന്നു. ബ്രഹ്മദേവന്റെ വരപ്രസാദത്തിലാണ് രാവണാദികളുടെ നെഗളിപ്പ്്. അതുകൊണ്ട് ബ്രഹ്മദേവന്‍ തന്നെ ഇടപെട്ട് പരിഹാരമുണ്ടാക്കിത്തരണം.
അവരുടെ പരാതി ശരിയാണ്. എന്തായിരുന്നു രാവണാദികള്‍ക്ക് താന്‍ നല്‍കിയ വരം? അതെ; ദേവന്മാര്‍, ഗന്ധര്‍വന്മാര്‍, രാക്ഷസന്മാര്‍, യക്ഷന്മാര്‍, കിന്നരന്മാര്‍, ഇവരിലാരാലും വധിക്കപ്പെടരുതെന്നാണ് രാവണനു താന്‍ നല്‍കിയ വരം. അപ്പോള്‍ മനുഷ്യരാലാകാം. കുംഭകര്‍ണന് നിദ്രാപത്യമാണ് കൊടുത്തത്. അതുകുഴപ്പമില്ല. അപ്പോള്‍ രാവണ വധമാണ് പ്രശ്‌നം. രാവണനെ ജയിക്കാന്‍ പറ്റിയ മനുഷ്യന്‍ വേണം.
ഇത്രയും വിലയിരുത്തിക്കഴിഞ്ഞപ്പോള്‍ അവിടെ പ്രകാശ രൂപത്തില്‍ പീതാംബരധാരി ശംഖചക്രഗദാദികള്‍ ധരിച്ചെത്തി. എല്ലാവരും വിഷ്ണുവിനെ വന്ദിച്ചു തങ്ങളുടെ സങ്കടം ആവര്‍ത്തിച്ചു. അപ്‌സരസുകള്‍ ഗന്ധര്‍വ യക്ഷാദികള്‍ മുനിമാര്‍ എല്ലാവരും രാവണാദികളാല്‍ ആക്രമിക്കപ്പെടുന്നു. സ്ത്രീകളെയെല്ലാം അവര്‍ ഉപദ്രവിക്കുന്നു.
വിഷ്ണു പ്രസാദിച്ച് അവര്‍ക്ക് മറുപടി നല്‍കി. എന്റെ ശക്തിയാല്‍ നാലുപുത്രന്മാരായി അയോധ്യയില്‍ അവതാരമെടുക്കും. രാവണാദിവധം അവര്‍ നോക്കിക്കൊള്ളും.
മഹാവിഷ്ണു ഇത്രയും പറഞ്ഞപ്പോള്‍ യാഗാഗ്നിയില്‍ നിന്നും ഒരു ദിവ്യരൂപം പ്രത്യക്ഷപ്പെട്ട് സുവര്‍ണ നിര്‍മിതമായ ഒരു പാത്രം ദശരഥന് സമ്മാനിച്ചനുഗ്രഹിച്ചു. ഇത് അനുരൂപകങ്ങളായ പത്‌നിമാര്‍ക്കു നല്‍കണം എന്നു നിര്‍ദേശിച്ചു.
ദശരദഥന്‍ കൗസല്യാദികള്‍ക്ക് ആ പായസം നല്‍കി.
















