മടിക്കൈ: മടിക്കൈയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞുള്ള അക്രമത്തില്‍ വീട്ടമ്മയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്തതായി പരാതി. മടിക്കൈ മലപ്പച്ചേരിയിലെ സിപിഎം പ്രവര്‍ത്തക സൗദാമിനി (47)യുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ആക്രമണമുണ്ടായത്. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരവും തമിഴ്‌നാടിന്റെ ഗോള്‍കീപ്പറുമായ ടി.സൗനേഷിന്റെ അമ്മയാണ് സൗദാമിനി. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി മലപ്പച്ചേരി ടൗണില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ രണ്ട് ഓട്ടോറിക്ഷകളിലായി വന്ന എട്ട് പേര്‍ സൗമിനിയുടെ വീട്ടിന് നേരെ ആക്രമണം നടത്തിയത്. നിലവിലുണ്ടായിരുന്ന വീട് പൊളിച്ച് പുതിയ വീട് പണിയുന്നതിനാല്‍ ഇവര്‍ തൊട്ടടുത്ത് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡ്ഡിലാണ് താമസം.
അക്രമികള്‍ ഷെഡ്ഡ് കയ്യേറുകയും സൗദാമിനിയെയും സൗനേഷിനെയും അക്രമിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച ജോലിക്കാരായ രാഹുല്‍ (22), കെ.ശരത് (19), എം. സുജിത്ത് (20) എന്നിവരെയും പരിക്കേല്‍പ്പിച്ചു. അഞ്ച് പേരെയും കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. താല്‍ക്കാലിക ഷെഡ്ഡില്‍ ജോലിക്കാര്‍ക്കായി തയ്യാറാക്കിവെച്ച ഭക്ഷണം നശിപ്പിക്കുകയും സൗദാമിനിയുടെ രണ്ട് പവന്‍ സ്വര്‍ണ്ണാഭരണവും വീട് പണിക്കായി സൂക്ഷിച്ച 30,000 രൂപയും അക്രമി സംഘം കവര്‍ച്ച ചെയ്തതായി ഇവര്‍ ആരോപിച്ചു. ഈയിടെ നടന്ന പാര്‍ട്ടി റാലിയില്‍ ചുവന്ന വസ്ത്രം ധരിച്ച് ചിലര്‍ പങ്കെടുത്തതിനെതിരെ വാട്‌സ്ആപ്പില്‍ ചില ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ചുവപ്പ് ധരിച്ചത് കൊണ്ടൊന്നും കമ്മ്യൂണിസ്റ്റ് ആകില്ല എന്ന തരത്തിലുള്ള ചര്‍ച്ചയാണ് അക്രമത്തില്‍ കലാശിച്ചത്. മടിക്കൈയിലെ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന വിഭാഗീയതയാണ് ഈ അക്രമണത്തിന് കാരണം.
















