ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയില്‍ ദിലീപിനു പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന നിര്‍ണായക വിവരങ്ങള്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍നിന്ന് അന്വേഷണ സംഘത്തിനു ലഭിച്ചതായി സൂചന. അപ്പുണ്ണി ഉപയോഗിച്ചിരുന്ന ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്‌ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 11 നാണ് ചോദ്യംചെയ്യലിനായി അപ്പുണ്ണി ആലുവ പോലീസ് ക്ലബ്ബിലെത്തിയത്.
ആറു മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ഗൂഢാലോചന തെളിയിക്കുന്ന ഫോണ്‍വിളികളുടെ വിവരങ്ങളടക്കം പോലീസിനു ലഭിച്ചതായാണ് വിവരം. വീണ്ടും ചോദ്യംചെയ്യലിനു ഹാജരാകാമെന്ന ഉറപ്പില്‍ അപ്പുണ്ണിയെ വിട്ടു. ഗൂഢാലോചനയില്‍ പങ്കില്ലെന്നും ദിലീപിന്റെ മാനേജര്‍ എന്ന നിലയില്‍ പലരും തന്നെ വിളിക്കാറുണ്ടെന്നും ദിലീപിനൊപ്പം സഞ്ചരിക്കാറുണ്ടെന്നുമാണ് അപ്പുണ്ണി അറിയിച്ചത്.
ദിലീപിന്റെ അറസ്‌റ്റോടെ ഒളിവില്‍പോയ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ പോലീസ് നോട്ടീസ് നല്‍കിയാണ് വിളിച്ചുവരുത്തിയത്. അപ്പുണ്ണിയുടെ സഹോദരന്‍ ഷൈജുവാണ്് പോലീസ് ക്ലബിലേക്ക് ആദ്യം എത്തിയത്. അപ്പുണ്ണിയാണെന്ന് തെറ്റിദ്ധരിച്ച് മാധ്യമപ്രവര്‍ത്തകര്‍ സഹോദരനെ വളഞ്ഞപ്പോള്‍ തന്ത്രപരമായി അപ്പുണ്ണി പോലീസ് ക്ലബ്ബിലേക്ക് ഓടിക്കയറുകയായിരുന്നു.
ഷൈജുവായിരുന്നു ദിലീപിന്റെ െ്രെഡവര്‍. ബിസിനസ് ആരംഭിച്ചതോടെ െ്രെഡവര്‍ ജോലി ഉപേക്ഷിച്ചു. തുടര്‍ന്നാണ് അനുജന്‍ അപ്പുണി െ്രെഡവറായത്. പിന്നീട് ദിലീപിന്റെ മാനേജരുമായി. നേരത്തെ ദിലീപിനെ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ദിവസം അപ്പുണിയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഫോണ്‍ കോളുകളുടെ വിവരങ്ങളും ടവര്‍ ലൊക്കേഷനുകളും അടക്കം കാട്ടിയായിരുന്നു ഇന്നലെ ചോദ്യം ചെയ്യല്‍. മുഖ്യ പ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് തന്നെ വിളിച്ചതായും ജയിലില്‍ സുനിക്കു വേണ്ടി എഴുതിയ കത്ത് വിഷ്ണു വാട്‌സ് ആപ് ചെയ്തിരുന്നതായും അപ്പുണ്ണി സമ്മതിച്ചു. സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവും അപ്പുണ്ണിയും ഏലൂരിലെ ടാക്‌സി സ്റ്റാന്‍ഡിനടുത്തു വച്ചു കണ്ടിരുന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
















