കോട്ടയം: ജില്ലയില്‍ കുട്ടികള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ മുന്‍വര്‍ഷത്തേത് പോലെ തുടരുന്നു.
പോക്‌സോ ഉള്‍പ്പെടെയുള്ള ശക്തമായ നിയമവും ചൈല്‍ഡ് ലൈന്‍, സ്‌കൂളില്‍ പരാതിപ്പെട്ടി, കൗണ്‍സിലിങ് എന്നിവ ഉണ്ടായിട്ടും അതിക്രമങ്ങള്‍ തുടരുകയാണ്. അനാഥലയങ്ങളുടെ മറവിലും കുട്ടികള്‍ക്ക് നേരെ അതിക്രമം നടക്കുകയാണ്. ഇതിന്റെ ഉദാഹരണമായിരുന്നു പാമ്പാടി ആശ്വാസ് ഭവനില്‍ നടത്തിപ്പുകാരന്‍ തന്നെ കുട്ടികളെ പീഡിപ്പിച്ചത്. ജില്ലാ പോലീസിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ജൂണ്‍ വരെ 90 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 142 കേസുകളയായിരുന്നു. ഈ വര്‍ഷം ഇതുവരെ ബലാല്‍ത്സംഗ കേസുകള്‍ 36 എണ്ണമാണ്.
കഴിഞ്ഞ വര്‍ഷം 48 കേസുകളയായിരുന്നു ഉണ്ടായിരുന്നത്. സ്ത്രീകളെ ശാരീരീകമായി ഉപദ്രവിച്ചതിന് ഈ വര്‍ഷം 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തുവെങ്കില്‍ കഴിഞ്ഞ വര്‍ഷം 28 എണ്ണമാണ്. വര്‍ഷത്തിന്റെ പകുതി പിന്നിട്ടപ്പോള്‍ തന്നെ കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസുകള്‍ മുന്‍വര്‍ഷത്തെക്കാളും കൂടി. ഈ വര്‍ഷം ജൂണ്‍ വരെ 9 കേസുകളാണെങ്കില്‍ കഴിഞ്ഞ വര്‍ഷം 5 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.
ജൂവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം 7 എണ്ണമാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം പോക്‌സോ നിയമ പ്രകാരം 22 കേസുകളാണ് രജിസ്റ്റര്‍ ചെയ്തുവെങ്കില്‍ കഴിഞ്ഞ വര്‍ഷം 34ആയിരുന്നു. പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം നാലെണ്ണമാണെങ്കില്‍ ഈ വര്‍ഷം രണ്ടെണ്ണം രേഖപ്പെടുത്തി.
ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് ജില്ലയില്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് ബലാല്‍ത്സംഗ കേസുകളാണ്. അതുകഴിഞ്ഞാല്‍ പോക്‌സോ നിയമ പ്രകാരമുളള കേസുകളാണ് . ചൈല്‍ഡ് ലൈന്‍, സ്‌കൂള്‍ അധികൃതര്‍ വഴിയാണ് പീഡനം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. അനാഥാലയങ്ങളുടെ നടത്തിപ്പിന്റെ മറവില്‍ കുട്ടികളെ പീഡിപ്പിക്കുന്നതിനാല്‍ അവയുടെ രജിസ്‌ട്രേഷന്‍, നടത്തിപ്പ് എന്നിവ സംബന്ധിച്ച് വിശദമായ പരിശോധന തുടങ്ങിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
















