കൊച്ചി: പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ ശ്രീഹരി നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. കഴിഞ്ഞ ദിവസം ശ്രീഹരിയുടെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കക്ഷി ചേരാന്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ഉപഹര്‍ജിയുമായി എത്തിയിരുന്നു.
ശ്രീഹരി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും ശ്രീഹരിയുമായി തനിക്കും കുടുംബത്തിനും നല്ല ബന്ധമാണുള്ളതെന്നും പോലീസ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ശ്രീഹരിക്കെതിരെ മൊഴി നല്‍കിയതെന്നും വ്യക്തമാക്കി പെണ്‍കുട്ടി സത്യവാങ്മൂലവും നല്‍കി.
മെയ് 19 ന് ശ്രീഹരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി ആക്രമിച്ചതിനെത്തുടര്‍ന്ന് ശ്രീഹരിക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്കു വിധേയനായ താന്‍ ക്ഷീണിതനാണെന്നും ജനറല്‍ വാര്‍ഡില്‍ കഴിയുന്നതിനാല്‍ അണുബാധയുണ്ടാകുമെന്നും ശ്രീഹരിയുടെ ഹര്‍ജിയില്‍ പറയുന്നു. ജാമ്യം ലഭിച്ചാല്‍ വിദഗ്‌ദ്ധ ചികിത്സ തേടാന്‍ കഴിയുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
















