കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദമൂട്ട് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വാഴയിലയില്‍ തന്നെ നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പ്രസാദമൂട്ടിനുശേഷം വാഴയിലയടക്കമുള്ള മാലിന്യങ്ങള്‍ ഗുരുവായൂര്‍ മുനിസിപ്പാലിറ്റി കാലതാമസമില്ലാതെ നീക്കണമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. പ്രസാദമൂട്ടിന് വാഴയിലയ്‌ക്കു പകരം സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിക്കുന്നതിനെതിരെ ചേറായി സ്വദേശി രാജേഷ്.എ. നായര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പ്രസാദമൂട്ടിന് സ്റ്റീല്‍ പ്ലേറ്റുകള്‍ ഉപയോഗിക്കാന്‍ ജൂലൈ ഒന്നിനാണ് ക്ഷേത്രം അധികൃതര്‍ തീരുമാനമെടുത്തത്. വാഴയിലയുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഏറ്റെടുത്ത് സംസ്‌കരിക്കാനാവില്ലെന്ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു തീരുമാനം. എന്നാല്‍ ഭക്തരുടെ വിശ്വാസത്തിനും ക്ഷേത്രാചാരത്തിന്റെ പവിത്രതയ്‌ക്കും യോജിക്കുന്നത് വാഴയിലയാണെന്നും ഗുരുവായൂര്‍ ദേവസ്വം നിയമപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
തന്ത്രിയാണ് ആചാരാനുഷ്ഠാനങ്ങളിലെ അവസാന വാക്കെന്നിരിക്കെ ദേവസ്വം ഇത്തരമൊരു തീരുമാനമെടുത്തത് ശരിയായില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ദിവസവും രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണിവരെയാണ് പ്രസാദമൂട്ട് നടത്തുന്നത്. സാധാരണ ദിനങ്ങളില്‍ 2,000 പേരും വിശേഷ ദിനങ്ങളിലും അവധി ദിനങ്ങളിലും 25,000 മുതല്‍ 50,000 പേരും പ്രസാദമൂട്ടില്‍ പങ്കെടുക്കുന്നുണ്ട്. പ്രസാദമൂട്ടിനുള്ള പ്ലേറ്റുകള്‍ ഓരോ തവണയും കഴുകാനായി വെള്ളത്തില്‍ മുക്കിയെടുക്കുകയാണ് ചെയ്യുന്നതെന്നും ഇതു കാരണം പാത്രങ്ങള്‍ വൃത്തിയാകുന്നില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഡിവിഷന്‍ ബെഞ്ച് ഗുരുവായൂര്‍ ദേവസ്വമടക്കമുള്ള എതിര്‍കക്ഷികള്‍ മറുപടി സത്യവാങ്മൂലം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
















