ആലപ്പുഴ: കൊച്ചിയില്‍ നടിയെ അക്രമിച്ച സംഭവത്തില്‍ ഇരയെ അപമാനിച്ചും പ്രധാന പ്രതി നടന്‍ ദിലീപിനെ പിന്തുണച്ചും പി. സി. ജോര്‍ജ് എംഎല്‍എ.
ദിലീപ് നിരപരാധിയാണെന്ന് താന്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. നിര്‍ഭയയേക്കാള്‍ ക്രൂരമായി നടിയെ പീഡിപ്പിച്ചെന്നാണ് പോലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട്. അത്ര വലിയ പീഡനമാണ് നടന്നതെങ്കില്‍ അടുത്ത ദിവസം എങ്ങനെയാണ് നടി സിനിമയില്‍ അഭിനയിക്കാന്‍ പോയതെന്നും അദ്ദേഹം ചോദിച്ചു. ഹൈക്കോടതി പ്രോസിക്യൂഷന് ഒപ്പമാണ്, അതിനാലാണ് ജാമ്യം അനുവദിക്കാതിരുന്നത്.
ദിലീപ് ഇരുപത് ദിവസമായി അകത്താണ്, ഇത്രയും ദിവസമായിട്ടും ദിലീപിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പള്‍സര്‍ സുനിയെ പിടിച്ചതിന് പിന്നാലെ അറസ്റ്റു ചെയ്യേണ്ടിയിരുന്നത് എംഎല്‍എ മുകേഷിനെയായിരുന്നു.
ദിലീപും തന്റെ മകനുമായി യാതൊരു റിയല്‍ എസ്റ്റേറ്റ് ബന്ധവുമില്ല. നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മറ്റിയുടെ പഠനയാത്രയുടെ ഭാഗമായി താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജസ്ഥാനിലും, പഞ്ചാബിലുമായിരുന്നു. എന്നാല്‍ നടിയുടെ പീഡനക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചതിനെ തുടര്‍ന്ന് ഒളിവിലാണെന്നാണ് ചില കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാക്കള്‍ പ്രചരിപ്പിച്ചത്.ഇതിനെതിരെ മാണിയെ പ്രതിയാക്കി പോലീസിലും കോടതിയിലും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
















