കൊച്ചി: വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സമരം മൂലം എല്‍കെജി ക്ലാസുകള്‍ പോലും തടസപ്പെടുന്ന അവസ്ഥയുണ്ടെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. നിയമവാഴ്ചയില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് 10 ദിവസത്തിനകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിഷയത്തിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ഇടപെടേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. വിദ്യാർഥി സംഘടനകൾ തുടർച്ചയായി പഠിപ്പ് മുടക്ക് നടത്തി അധ്യായനം തടസപ്പെടുത്തുന്നതിനെതിരേ ഒരുകൂട്ടം സിബിഎസ്ഇ സ്കൂളുകളും ചില കോളജുകളും സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്.
ഈ വർഷം മാത്രം 12 വിദ്യാഭ്യാസ ബന്ദുകൾ നടത്തി അധ്യായനം തടസപ്പെടുത്തിയെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാൽ വിദ്യാർഥി സംഘടനകളുമായി ചർച്ച ചെയ്ത ശേഷമേ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ കഴിയൂ എന്നായിരുന്നു സർക്കാരിന്റെ വാദം. ഇത് തള്ളിക്കളഞ്ഞ ഹൈക്കോടതി ഒരുകൂട്ടം വിദ്യാർഥികൾ കാരണം സ്കൂളുകളിലും കോളജുകളിലും അധ്യായനം മുടങ്ങരുതെന്ന മുന്നറിയിപ്പ് നൽകി.
















