തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ മൃതശരീരത്തോടും സിപിഎമ്മിനു പക. കൊല്ലപ്പെട്ട രാജേഷിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്‌ക്കു നേരെ യും സിപിഎം അക്രമം. പിഎംജിയിലെ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ നിന്നാണ് ആക്രമണമുണ്ടായത്.
മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് കടന്നു പോയതും പിന്നാലെ വന്നിരുന്ന ബൈക്കുകള്‍ക്കു നേരെ കല്ലേറുണ്ടായി. വിലാപയാത്രയ്‌ക്ക് സുരക്ഷ ഒരുക്കുകയോ അക്രമികളെ തടയാന്‍ ശ്രമിക്കുകയോ ചെയ്തില്ല പോലീസ്. കല്ലേറ് രൂക്ഷമായെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. വിലാപയാത്ര നന്ദാവനത്തിലേക്ക് തിരിയുന്ന ഭാഗത്ത് എത്തിയപ്പോള്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനുള്ളില്‍ നിന്നും കല്ലേറുണ്ടായി.
വിലാപയാത്ര കടന്നുപോയ പ്രദേശങ്ങളില്‍ സിപിഎം ആക്രമണഭീഷണി നിലനിന്നിരുന്നു. എന്നാല്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന ആക്ഷേപം ശക്തമാണ്. നഗരം മുഴുവനും പോലീസിനെ കൊണ്ട് നിറച്ചിരുന്നെങ്കിലും സിപിഎം ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്കുക എന്ന ദൗത്യമാണ് പോലീസ് നിര്‍വഹിച്ചത്.
യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലൂടെ ബൈക്കില്‍ കടന്നുപോയ എബിവിപി പ്രവര്‍ത്തകരെ കോളേജിനുള്ളില്‍ തമ്പടിച്ചിരുന്ന എസ്എഫ്‌ഐക്കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. അക്രമികള്‍ ബൈക്ക് തകര്‍ത്ത് തീയിട്ടു.
















