തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം അക്രമി സംഘത്തിന്റെ ഒളിത്താവളത്തെക്കുറിച്ച് പോലീസിനു സൂചന നല്‍കിയത് രക്തം പുരണ്ട വാഹനങ്ങള്‍.
പന്നിയോട് പുലിപ്പാറ പ്രദേശത്ത് പ്രതികള്‍ ഉള്ളതായി മനസിലാക്കി നടത്തിയ പരിശോധനയില്‍ അവര്‍ എത്തിയ രണ്ടു പള്‍സര്‍ ബൈക്കും ഒരു ഫോര്‍ എസ് ചാമ്പ്യന്‍ ബൈക്കും കണ്ടെടുത്തു. രക്തക്കറ പുരണ്ട വാഹനങ്ങള്‍ തിരിച്ചറിഞ്ഞ പോലീസ് സാജുവിന്റെ വീട്ടിലെത്തി ഇതേക്കുറിച്ച് അന്വേഷിച്ചു. എന്നാല്‍ ചിലര്‍ ഇവിടെയെത്തി ബൈക്കുകള്‍ വച്ചശേഷം കാറില്‍ കയറി പോയെന്നായിരുന്നു സാജുവിന്റെ മൊഴി. ഇതില്‍ സംശയം തോന്നിയ പോലീസ് കൂടുതല്‍ പരിശോധനയ്‌ക്ക് തയ്യാറായി.
ഇതിനിടെ നെയ്യാര്‍ഡാമില്‍ നിന്ന് അരുണ്‍ പോലീസിന്റെ പിടിയിലായി. അരുണിനെ ചോദ്യം ചെയ്തപ്പോള്‍ ബാക്കി പ്രതികളെല്ലാം പുലിപ്പാറയില്‍ സാജുവിന്റെ കുടുംബവീടായ ഗ്രേസ്സ് വില്ലയില്‍ ഒളിച്ചിരിപ്പുള്ളതായി മനസിലാക്കി. വീടു വളഞ്ഞ് പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസും നാട്ടുകാരും ഒന്നര കിലോമീറ്ററോളം റബ്ബര്‍ പുരയിടങ്ങളിലൂടെയും ഊടു വഴികളിലൂടെയും പ്രതികളെ ഓടിച്ചു.
കല്ലാമം സിഎസ്‌ഐ പള്ളി കോമ്പൗണ്ടിലൂടെ പ്രാര്‍ഥന നടക്കുന്ന ഹാളില്‍ എത്തിയ പ്രതികള്‍ അവിടെ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും ആരാധന നടക്കുന്നതിനാല്‍ സാധിച്ചില്ല. പിന്തുടര്‍ന്നെത്തിയ പോലീസ് പള്ളിക്കുള്ളില്‍ കയറി വിശ്വാസികളുടെ സഹായത്തോടെ പ്രതികളെ പിടികൂടി. വിപിന്‍, മോനി എന്നിവരെ വൈകിട്ടോടെ പിടികൂടുകയായിരുന്നു.
സിപിഎം ജില്ലാസെക്രട്ടറി ആനാവുര്‍ നാഗപ്പന്റെ സ്വാധീന മേഖലയായ കള്ളിക്കാട്, പുലിപ്പാറ, കീഴാറൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയവരില്‍ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. അര്‍ധരാത്രിയോടെ തന്നെ പോലീസ് പ്രദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു.
















