കൊച്ചി: ഭക്ഷണ വില കുതിച്ചു പായുന്നു. ജിഎസ്ടിയുടെ പേര് പറഞ്ഞ് തോന്നുംപോലെ ഹോട്ടലുകള്‍ വില ഈടാക്കിയിട്ടും നടപടിയെടുക്കാനാളില്ല.
40 രൂപയുണ്ടായിരുന്ന ഊണിന് 50 രൂപയായും എട്ടുരൂപയുണ്ടായിരുന്ന ചായയ്‌ക്ക് 10 രൂപയായും ചെറുകിട ഹോട്ടലുകള്‍ വില ഉയര്‍ത്തി. ഇടത്തരം ഹോട്ടലുകള്‍ ഊണിന് 80 രൂപയില്‍ നിന്ന് 90 മുതല്‍ 100 രൂപ വരെയായും വില കൂട്ടി.
എന്നാല്‍, വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു നടപടിയുമെടുത്തിട്ടില്ല. വില കൂട്ടി വില്‍ക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്.
എന്നാല്‍, ഉദ്യോഗസ്ഥതലത്തില്‍ വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കാര്യമായി നടപടിയെടുക്കുന്നില്ല.
ജിഎസ്ടിയുമായി ബന്ധപ്പെട്ട നികുതി നിര്‍ണയത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ ധാരണയില്ലാത്തതാണ് കാരണം. ജിഎസ്ടി വന്നപ്പോള്‍ കോഴിക്ക് വില കുറയുമെന്ന് പറഞ്ഞെങ്കിലും ഹോട്ടലുകള്‍ വില്‍ക്കുന്ന ചിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വില കുറച്ചിട്ടില്ല.
ജിഎസ്ടിയില്‍ ബ്രാന്‍ഡഡ് അരിക്ക് വില കൂട്ടിയെന്ന് പറഞ്ഞ് ബിരിയാണിക്ക് 10 രൂപ വരെ ഹോട്ടലുകള്‍ കൂട്ടി. 90 രൂപയ്‌ക്ക് ചിക്കന്‍ ബിരിയാണി കിട്ടിക്കൊണ്ടിരുന്ന കടകളില്‍ 100 രൂപയായാണ് വില ഉയര്‍ത്തിയത്. 120 രൂപയുണ്ടായിരുന്ന ഇടങ്ങളില്‍ 150 രൂപയായും വില ഉയര്‍ത്തി. ബില്ലില്ലാതെ വില്‍പന നടത്തി ഹോട്ടലുകള്‍ കൊള്ള തുടരുകയാണ്. ബില്ല് നല്‍കാത്ത ഹോട്ടലുകള്‍ക്കെതിരെ പരാതി ഏറിയിട്ടും നടപടിയുണ്ടായിട്ടില്ല.
















