കണ്ണൂര്‍: കേന്ദ്രഭരണത്തണലില്‍ കണ്ണൂര്‍ ജില്ല വന്‍ വികസനക്കുതിപ്പിലേക്ക് മുന്നേറുന്നു. കണ്ണൂരിന്റെ ആകാശസ്വപ്നം 2018 സെപ്തംബറില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കണ്ണൂരിന് ഏറെ വികസനം വന്നുപെടും. ഇതിന് പുറമേ കണ്ണൂര്‍-മട്ടന്നൂര്‍-വിരാജ് പേട്ട-മൈസൂര്‍ റോഡ് ദേശീയപാതയായി ഉയര്‍ത്താന്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെയുള്ള തലശ്ശേരി-മാഹി ബൈപ്പാസ് ആറുവരിയായി നിര്‍ക്കിക്കാന്‍ അനുമതി ലഭിച്ചുകഴിഞ്ഞു. ഇതിനുള്ള സ്ഥലമേറ്റെടുക്കല്‍ അന്തിമഘട്ടത്തിലാണ്. 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന ബൈപ്പാസിന് 813.66 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 18 കീലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപ്പാസ് റോഡില്‍ മാഹി, ധര്‍മ്മടം, മുഴപ്പിലങ്ങാട് എന്നിവിടങ്ങളില്‍ മൂന്ന് പാലങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ഉത്തര മലബാറിലെ ദേശീയപാതയുടെ വികസനത്തിനും മറ്റു ബൈപ്പാസുകള്‍ക്കുമുള്ള സ്ഥലമേറ്റെടുക്കലും അന്തിമഘട്ടത്തിലാണ്. നിലവിലുളള ദേശീയപാത വീതികൂട്ടലിനും ബൈപ്പാസുകള്‍ക്കായി മൂന്ന് താലൂക്കുകളിലായി 24 വില്ലേജുകളിലാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. വീതി കൂട്ടുന്നതിനായി കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കുകളിലായി 15 വില്ലേജുകളിലും ബൈപ്പാസിനായി മൂന്ന് താലൂക്കുകളിലുമായി ഒമ്പത് വില്ലേജുകളിലും സ്ഥലം ഏറ്റെടുക്കണം.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിന് അനുമതി ലഭിച്ചതോടെ കണ്ണൂരിന്റെ റെയില്‍വേ വികസനത്തിനും പുത്തനുണര്‍വ്വ് വന്നിട്ടുണ്ട്. ബിജെപി ജില്ലാ നേതൃത്വം കേന്ദ്രമന്ത്രിസഭയില്‍ നടത്തിയ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നാലാം പ്ലാറ്റ്‌ഫോമിന് അനുമതിയായത്. ഇതിന്റെ നിര്‍മ്മാണച്ചെലവിനായി 6.45 കോടി രൂപയും ചെലവഴിച്ചുകഴിഞ്ഞു. പിറ്റ് ലൈനും കോണ്‍ക്രീറ്റ ഏപ്രണും യാഥാര്‍ത്ഥ്യമാക്കാനുളള നടപടികളും ഉടന്‍ നടക്കും.
കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ മുന്നേറുകയാണ്. നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന് കഴിഞ്ഞ ദിവസം അയാട്ട കോഡ് ലഭിച്ചിട്ടുണ്ട്. സിഎന്‍എന്‍ എന്ന കോഡിലാണ് കണ്ണൂര്‍ വിമാനത്താവളം അറിയപ്പെടുക. വിമാനത്താവളത്തിലേക്കുള്ള അനുബന്ധ റോഡുകളുടെ പ്രവൃത്തികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കാര്യമായ നടപടികളൊന്നും ഇതേവരെ സ്വീകരിച്ചിട്ടില്ല. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് വിമാനത്താവളത്തിലേക്ക് കണ്ണൂരില്‍ നിന്നുളള പ്രധാന റോഡായ മേലെചൊവ്വ-മട്ടന്നൂര്‍ റോഡ് കേന്ദ്ര ഗവണ്‍മെന്റ് ദേശീയ പാതയായി ഏറ്റെടുക്കാനുളള തീരുമാനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തത് കാരണം അനിശ്ചിതമായി ഏറ്റെടുക്കല്‍ നീളുകയായിരുന്നു. അഴീക്കല്‍ തുറമുഖ വികസനത്തിനും കേന്ദ്രസര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകഴിഞ്ഞു. കണ്ണൂര്‍-മൈസൂര്‍ ദേശീയപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ മലയോര മേഖലകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും. തലശ്ശേരി-മൈസൂര്‍ റെയില്‍വേ പദ്ധതിക്കും കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റെയില്‍പ്പാതയും കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലാണുള്ളത്.
കണ്ണൂരിനെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വരും ദിവസങ്ങളില്‍ നടക്കുക. മോദി സര്‍ക്കാര്‍ ഭരണത്തില്‍ കണ്ണൂരില്‍ ഇത്രയേറെ വികസനപ്രവൃത്തികള്‍ യാഥാര്‍ത്ഥ്യമാവുന്നത് വരാന്‍ പോകുന്ന തെരഞ്ഞെപ്പുകളില്‍ ബിജെപിക്ക് ഗുണകരമാകും.
















