പാനൂര്‍: അമ്പാടിയിലാണ് ഇനി ഇവരുടെ താമസം. വിളക്കോട്ടൂര്‍ തെക്കുംമുറിയിലെ തൈപറമ്പത്ത് നാണുവും ഭാര്യ അജിതയും മക്കളായ ആതിരയും ആദിത്യയും ഇന്നലെ മുതല്‍ താമസിച്ച മഴയും, വെയിലുമേല്‍ക്കുന്ന കുടിലില്‍ നിന്നും അമ്പാടി എന്ന ഭവനത്തിലേക്ക് താമസം മാറി. ആര്‍എസ്എസ് ഖണ്ഡ് സേവാവിഭാഗ് സുമസ്സസുകളുടെ സഹകരണത്തോടെ നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്റെ താക്കോല്‍ദാനം ആര്‍എസ്എസ് പാനൂര്‍ഖണ്ഡ് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഖണ്ഡ്‌സേവാ പ്രമുഖ് കെ.പ്രകാശന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
കഴിഞ്ഞ 20 വര്‍ഷമായി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ പുറംമ്പോക്ക് ഭൂമിയില്‍ കുടില്‍കെട്ടി താമസമാക്കിയ നാണുവിനോടും കുടുംബത്തിനോടും മാറി വന്ന സര്‍ക്കാറുകള്‍ കാണിച്ച അവഗണനക്കു കൂടിയാണ് ഇന്നലെ പരിഹാരമായത്. സര്‍ക്കാരുകള്‍ കൈവിട്ടപ്പോള്‍ സ്വയംസേവകര്‍ കൈത്താങ്ങായി മാറി ഈ കുടുംബത്തെ സഹായിക്കുകയായിരുന്നു. മാനവസേവ മാധവസേവയെന്ന മൂലമന്ത്രം ജപിച്ച് നാടിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് എന്ന സംഘടനയുടെ സേവാവിഭാഗ് നടത്തിയ മാതൃകപരമായ പ്രവര്‍ത്തനം നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റുന്നതായി മാറി. മുസ്ലീം സഹോദരനായ തൂവ്വക്കുന്നിലെ സൂപ്പി നല്‍കിയ മൂന്ന്്‌സെന്റ് സ്ഥലത്താണ് വീട് നിര്‍മ്മാണം എന്നതും ശ്രദ്ധേയമാണ്. 13 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മൂത്തമകള്‍ ആതിരയുടെ വിവാഹനിശ്ചയവും ഇന്നലെ ഈ ചടങ്ങിനു ശേഷം നടന്നു. ആര്‍എസ്എസ് ജില്ലാസേവാ പ്രമുഖ് ടിപി.സുരേഷ്ബാബു, ഖണ്ഡ് കാര്യവാഹക് എന്‍.പി.ശ്രീജേഷ്, ബൗദ്ധിക്ക് പ്രമുഖ് ജിരണ്‍പ്രസാദ്, ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















