മല്ലേശ്വരം: ഭരണസ്വാധീനത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ട് ബിജെപിയുടെ കുതിപ്പ് തടയാമെന്നത് സിപി എമ്മിന്റെ വ്യാമോഹം മാത്രമാണ്. അത് അതിജീവിച്ച് മുന്നേറാനുളള ആത്മബലം ബിജെപിക്കുണ്ടെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. കര്‍ണ്ണാടക ബിജെപിയുടെ മലയാളി സെല്ലിന്റെ വാര്‍ഷിക പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപിയുടെ വസന്തകാലം വിദൂരമല്ല. ശിശിരകാലം കഴിഞ്ഞു. ഇലകള്‍ തളിരിടുകയാണ്, പൂക്കള്‍ വിരിയുകയാണ്. കേരളത്തിലും ബിജെപിയുടെ വസന്തകാലം സമാഗതമാവുകയാണ്. ബിജെപിയുടെ വസന്തകാലം എന്നാല്‍ സിപിഎമ്മിന്റെ പതനം കൂടിയാണ്. കേരളത്തില്‍ സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന് ചരിത്രം വിധിയെഴുതുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മല്ലേശ്വരം ജഗന്നാഥ ഭവനില്‍ നടന്ന ചടങ്ങില്‍ മലയാളി സെല്‍ സംസ്ഥാന കണ്‍വീനര്‍ ഗോപിനാഥ് വന്നേരി അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രിയും എംഎല്‍സിയുമായി രാമചന്ദ്ര ഗൗഡ, എസ്.മുനിരാജ് എംഎല്‍എ, വി.രവീന്ദ്രന്‍, ഹരിനായര്‍ സംസാരിച്ചു. കോ-കണ്‍വീനര്‍ മധു കലമാനൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഴുത്തുകാരന്‍ സുധാകരന്‍ രാമന്തളി, സാമൂഹ്യ പ്രവര്‍ത്തകന്‍ മാര്‍ത്താണ്ഡന്‍ പിളള എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സോവനീര്‍ പ്രകാശനം ചെയ്തു. കലാ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ വിഷ്ണുമംഗലം കുമാര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു .
















