കരുനാഗപ്പള്ളി: ദുരന്തമേഖലകളില്‍ സഹായിയായി ഇനി ധ്രുവ് എന്ന റോബോ എഞ്ചിനും. അമൃതപുരിയില്‍ നടക്കുന്ന ത്രിദിന റോബോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമാവുകയാണ് ഈ റോബോട്ട്. അമൃതപുരി കാമ്പസിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗവും മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗം വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ധ്രുവിന് രൂപം കൊടുത്തത്. അതും തീര്‍ത്തും ഭാരതീയമായ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച്.
ഭൂമികുലുക്കം, തീപിടുത്തം, വിഷവാതകച്ചോര്‍ച്ച തുടങ്ങിയ അത്യാഹിതങ്ങള്‍ സംഭവിക്കുന്നിടത്തേക്ക് കടന്നുചെന്ന് വേണ്ട സഹായങ്ങളെത്തിക്കാന്‍ കഴിയുന്ന റോബോട്ടാണിത്. പ്രദേശത്ത് വ്യാപിച്ചിരിക്കുന്ന വിഷവാതകത്തിന്റെയും ഹാനികരമായ മറ്റ് വസ്തുക്കളുടെയും തോത് അറിയാനും അപകടമേഖലയില്‍ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുവെങ്കില്‍ അത് കണ്ടെത്താനും ഉപകരിക്കുന്ന സെന്‍സറുകളാണ് ഇതിന്റെ പ്രത്യേകത.
പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് 500 മീറ്റര്‍ ദൂരപരിധിയില്‍ നിന്ന് ഇതിനെ നിയന്ത്രിക്കുന്നത്. കടുത്ത ചൂടിനെ ചെറുക്കാന്‍ ശേഷിയുള്ള ഉയര്‍ന്ന നിലവാരമുള്ള അലൂമിനിയം അലോയ് കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം. മനുഷ്യനന്മയ്‌ക്ക് കൃത്രിമബുദ്ധിയെ ഉപയോഗിക്കാനാവുമെന്നതിന്റെ മികച്ച ഉദാഹരണമാണിതെന്ന് ധ്രുവിന്റെ ശില്പികള്‍ പറയുന്നു. മൂന്നാം വര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥികളായ മെക്കട്രോണിക്‌സ് ലാബിലെ രാജേഷ് രാമചന്ദ്രന്റെയും സിദ്ധാര്‍ത്ഥ് നാരായണന്റെയും ഡയറക്ടര്‍ പ്രൊഫ: ഗണേഷ് ഉഡുപ്പയുടെയും മേല്‍നോട്ടത്തിലാണ് ധ്രുവ് പിറന്നത്.
















