കോഴിക്കോട്: വിജിലിന്‍സ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വിജിലന്‍സ് കേസിലെ പ്രതി. കോഴിക്കോട്ട് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിലാണ് സംഭവം.
സ്വാഗതം പറഞ്ഞ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജുവിനെതിരെ വിജിലന്‍സ് അന്വേഷണമുണ്ട്. കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന സമയത്തെ സാമ്പത്തിക തിരിമറിയിലാണ് അന്വേഷണം. അസോസിയേഷന്‍ ഫണ്ടില്‍ നിന്ന് 5,69,304 രൂപ വെട്ടിച്ചുവെന്നാണ് കേസ്.
അസോസിയേഷന്റെയും കാവല്‍ കൈരളി മാസികയുടെയും കണക്കുകളിലാണ് തിരിമറി നടന്നതെന്നാണ് പരാതി. അന്ന് എസ്‌ഐയായിരുന്ന കെ.കെ. ജോസ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന സി.ടി. ബാബുരാജ് എന്നിവരും പ്രതികളാണ്.
തിരുവനന്തപുരം വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിലെ എസ്പി എ.കെ. വിശ്വംഭരനാണ് വിജിലന്‍സ് കോടതി മുമ്പാകെ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. 2016 മാര്‍ച്ച് ഒമ്പതിനാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തിലാണ്.
















