കോഴിക്കോട്: കോഴിക്കോട് നടന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചാരണ വേദിയാക്കിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കണ്ണൂരില്‍ നടന്ന യോഗത്തില്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്, ഫസല്‍ വധക്കേസില്‍ പ്രതികളായവര്‍ നിരപരാധികളാണെന്നാണ് പറഞ്ഞത്. തിരുവനന്തപുരത്ത് സിപിഎമ്മുകാരുടെ മര്‍ദ്ദനമേറ്റ പോലീസുകാര്‍ക്ക് വേണ്ടി ഒരു വാക്കുപോലും സമ്മേളനത്തിലുയര്ന്നില്ല. അക്രമത്തെ ഒരു വിഭാഗം പോലീസുകാര്‍ കൈയുംകെട്ടി നോക്കി നിന്നു, അദ്ദേഹം പറഞ്ഞു.
ബീഹാറില്‍ എന്‍ഡിഎയുടെ ഭാഗമായി മാറിയ ജെഡിയുവിന്റെ പാത പിന്തുടരണമെന്നും എം.പി. വീരേന്ദ്രകുമാറിനെയും കേരള ഘടകത്തെയും എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
വ്യാപകമായി നടക്കുന്ന മാര്‍ക്സിസ്റ്റ് അക്രമം സിപിഎമ്മിനുള്ളിലെ കടുത്ത ഗ്രൂപ്പ് വഴക്കിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: