ആലപ്പുഴ: ക്ഷയരോഗ ചികിത്സയ്‌ക്ക് നല്‍കുന്ന ഡോട്‌സ് ചികിത്സയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആലപ്പുഴ ജില്ലാ ടിബി കേന്ദ്രത്തിന്റെ ഗവേഷണ ഫലങ്ങള്‍ക്ക് ദേശീയ അംഗീകാരം. സപ്തംബര്‍ ഒന്‍പതു മുതല്‍ 13 വരെ ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന യൂറോപ്യന്‍ റെസ്പിറേറ്ററി സൊസൈറ്റിയുടെ 27-ാമത് ലോക ശ്വാസകോശ വിദഗ്‌ദ്ധരുടെ സമ്മേളനത്തിലേക്ക് അവതരിപ്പിക്കാനായി ഗവേഷണ മേധാവി ഡോ. കെ. വേണുഗോപാലിന് ക്ഷണം ലഭിച്ചു.
പുതിയ രീതിയില്‍ ക്ഷയരോഗ ചികിത്സ നല്‍കി വിമുക്തി നേടിയവരില്‍ നിന്ന് രണ്ടുവര്‍ഷം നീണ്ട തുടര്‍ പരിശോധനാ ഫലങ്ങളാണ് അവതരിപ്പിക്കുക. രോഗം രണ്ടാമത് വരാനുള്ള സാദ്ധ്യത വളരെ വിരളമാണെന്നായിരുന്നു കണ്ടെത്തല്‍. ഡോ. വേണുഗോപാലിനെക്കൂടാതെ ജില്ലാടിബി ഓഫീസര്‍ ഡോ. അനുവര്‍ഗ്ഗീസ്, മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാരായ ഡോ. സുരേഷ് രാഘവന്‍, ഡോ.
ശ്രീലത എന്നിവരും പങ്കാളികളാണ്.
ദേശീയതലത്തില്‍ 28ഉം അന്തര്‍ദ്ദേശീയ തലത്തില്‍ 16ലേറെയും പ്രബന്ധങ്ങള്‍ വേണുഗോപാല്‍ അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഡോക്ടര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ദേശീയ- അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍ മുമ്പ് ലഭിച്ചിട്ടുണ്ട്.
















