തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ്‌കോര്‍പ്പറേഷന്റെ (കെഎസ്‌ഐഡിസി) ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് യുവ സംരംഭക സംഗമം യെസ് 3ഡി- 2017 ന്റെ ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു. മന്ത്രി എ.സി. മൊയ്തീന്‍ ലോഗോയും വെബ്‌സൈറ്റും പുറത്തിറക്കി. എംഡി ഡോ.എം. ബീന വിഷയം അവതരിപ്പിച്ചു , അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, വ്യവസായ സെക്രട്ടറി സഞ്ജയ്‌കൗള്‍, കെഎസ്‌ഐഡിസി ഡിജിഎമ്മും സ്ട്രാറ്റജിക്ക് ബിസിനസ് ഗ്രൂപ്പ് മേധാവിയുമായ ജി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
സെപ്തബര്‍ 12ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഡിസ്‌റപ്റ്റ്, ഡിസ്‌ക്കവര്‍, ഡെവലപ്പ് എന്ന വിഷയത്തെ ആസ്പദമാക്കിയെസ് 3ഡി- 2017 നടക്കുന്നത്. യുവ സംരംഭകര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി സംരംഭകര്‍ക്കുമാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. നിലവിലുള്ള സാങ്കേതികവിദ്യകളെ ഭേദിച്ച് പുതിയ സാങ്കേതികവിദ്യകള്‍ കണ്ടെത്തുകയും അതിലൂടെ നൂതനമായ ഉത്പന്നങ്ങളും സേവനങ്ങളുംആവിഷ്‌കരിക്കുക എന്നതാണ് യുവ സംരംഭക സംഗമത്തിന്റെ ആശയം.
യെസ് 3ഡി- 2017ന്റെ ഭാഗമായി കാര്‍ഷിക-ഭക്ഷ്യ സംസ്‌ക്കരണം, ബയോടെക്‌നോളജി/ ബയോമെഡിക്കല്‍, സസ്‌ടെയിനബിള്‍ടെക്‌നോളജീസ്, ഫ്യൂച്ചര്‍ ടെക്‌നോളജി, തുടങ്ങിയ മേഖലകളിലെ സംരംഭകത്വ സാദ്ധ്യതകള്‍ അടിസ്ഥാനമാക്കി സെമിനാറുകള്‍ നടക്കും.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥി-യുവ സംരംഭകരുമായി സംവദിക്കും. വിദ്യാര്‍ത്ഥി-യുവ സംരംഭകരുടെ നൂതന ആശയങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കും.
















