മാനന്തവാടി: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന മധ്യവയസ്‌ക്കനെ ചവിട്ടിക്കൊന്നു. തിരുനെല്ലി പഞ്ചായത്തിലെ കാട്ടികുളം ആലത്തൂര്‍ കോളനിയിലെ കുഞ്ചിലന്‍ (65) ആണ് മരിച്ചത്.
രാവിലെ പ്രദേശത്ത് ഇറങ്ങിയ ആന തൃശ്ശിലേരി കുനിയില്‍ കുന്ന് അനിഷിന്റെ ബൈക്കും, വെള്ളഞ്ചേരി മുളയന്‍കാവില്‍ ഷാബുവിന്റെ ഓട്ടോറിക്ഷയും വെള്ളഞ്ചേരി സ്വദേശി ധനേഷിന്റെ പിക്കപ്പും ആക്രമിച്ച് കേടുപാടുകള്‍ വരുത്തിയിരുന്നു. ഇതിന് ശേഷം തിരിച്ച് പോകുന്നതിനിടെയാണ് വെള്ളാഞ്ചേരിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന കുഞ്ചിലനെ ചവിട്ടിക്കൊന്നത്.
രാവിലെ ആനയുടെ ആക്രമണത്തില്‍ നാശനഷ്ട്ടം സംഭവിച്ച വാഹനങ്ങള്‍ക്ക് അര്‍ഹമായ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ടും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഒ. ആര്‍. കേളു എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇതിനിടെയാണ് കുഞ്ചിലനെ ആന ആക്രമിച്ച് കൊന്ന വിവരമറിയുന്നത്. ഇതോടെ പ്രകോപിതരായ നാട്ടുകാര്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ തിരിഞ്ഞെങ്കിലും സ്ഥലത്തുണ്ടായിരുന്ന പോലിസ് ഇടപെട്ട് ജീവനക്കാരെ വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ചിക്കിയാണ് കുഞ്ചിലന്റെ ഭാര്യ. മകള്‍: തങ്ക.
















