ന്യൂദല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ പരസ്യമായി തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കേണ്ടെന്ന് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്നത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്. വിഷയത്തില്‍ കേന്ദ്രകമ്മറ്റി അന്തിമ തീരുമാനം
എടുക്കാനിരിക്കെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി നിലപാട് വ്യക്തമാക്കിയത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം, കോണ്‍ഗ്രസ് ബന്ധം തുടങ്ങിയ തര്‍ക്കങ്ങളില്‍ ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി നിലപാട് പഠിപ്പിക്കാനും പിണറായി തയ്യാറായി.
പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ യച്ചൂരി രാജ്യം മുഴുവന്‍ യാത്ര ചെയ്ത് സംഘടനാ പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ കാര്യക്ഷമമായി ചുമതല നിര്‍വ്വഹിക്കാനാകില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവിക്കൊപ്പം എംഎല്‍എ സ്ഥാനവും തനിക്ക് വഹിക്കേണ്ടി വന്നതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ അനുഭവമുണ്ട്.
എംഎല്‍എ എന്ന നിലയില്‍ നീതി പുലര്‍ത്താനായില്ല. മണ്ഡലത്തിലുള്ള ഏതാനും സന്ദര്‍ശനങ്ങളില്‍ പ്രവര്‍ത്തം ഒതുക്കേണ്ടി വന്നു. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ യച്ചൂരി കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ജനറല്‍ സെക്രട്ടറി പാര്‍ലമെന്ററി പദവി വഹിക്കുന്ന പതിവ് പാര്‍ട്ടിയിലില്ല. ജനറല്‍ സെക്രട്ടറിയെന്ന നിലയിലുള്ള പ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടി ആഗ്രഹിക്കുന്നില്ല.
കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാനുള്ള യച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നീക്കത്തെയും പിണറായി എതിര്‍ത്തു. 2004ല്‍ കോണ്‍ഗ്രസ്സിന് ഇടതുപക്ഷം പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ജനവിരുദ്ധമായ നടപടികളിലൂടെ ബിജെപിക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
അത്തരത്തിലുള്ള ഒരു പാര്‍ട്ടിയുമായി ഒരുവിധത്തിലുള്ള സൗഹൃദത്തിനോ കൂട്ടുകെട്ടിനോ പാര്‍ട്ടി തയ്യാറല്ല. അദ്ദേഹം വ്യക്തമാക്കി. യച്ചൂരിക്കെതിരായ കാരാട്ടിന്റെ നിലപാടുകളാണ് പിണറായി തുറന്നുപറഞ്ഞത്. കേരളഘടകത്തെ മുന്‍നിര്‍ത്തിയാണ് കാരാട്ട് യച്ചൂരിയുടെ രാജ്യസഭാ മോഹത്തിനെതിരെ കരുക്കള്‍ നീക്കുന്നത്. യച്ചൂരി മത്സരിക്കണമെന്ന നിലപാടാണ് വി.എസ്. അച്യൂതാനന്ദനുള്ളത്.
















