തൃശൂര്‍: പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വാടാനപ്പള്ളി സ്വദേശി വിനായകന് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിലും കഴുത്തിലും മര്‍ദ്ദനമേറ്റതിന്റെ പാടകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. തലയോട്ടിയുടെ പലഭാഗത്തും ക്ഷതമേറ്റിട്ടുണ്ട്. മുകളില്‍ ഇടതുഭാഗത്തും പിന്നിലും ഭാരമേറിയ വസ്തുകൊണ്ട് ഇടിച്ചതുപോലെയുള്ള ക്ഷതമുണ്ട്. കഴുത്തിനും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വയറില്‍ ബൂട്ടിട്ട് ചവിട്ടിയതിന്റെ അടയാളങ്ങളുണ്ട്.
തലമുടി പിഴുതെടുത്തതായി വ്യക്തമായിട്ടുണ്ട്. കഴുത്തില്‍ കുത്തിപ്പിടിച്ച് ഞെരിച്ചതിന്റെ അടയാളങ്ങളുണ്ട്. മുന്‍ഭാഗത്ത് 23 സെന്റീമീറ്റര്‍ നീളത്തിലുള്ള ക്ഷതം ഇത് വ്യക്തമാക്കുന്നു. കഴുത്തിന് പിന്നില്‍ 16 സെന്റീമീറ്റര്‍ നീളത്തില്‍ അടിയേറ്റ പാടുണ്ട്. പോലീസ് സ്റ്റേഷനില്‍വെച്ച് വിനായകന് ക്രൂരമായ മര്‍ദ്ദനം ഏറ്റിരുന്നു എന്നാണ് വ്യക്തമാകുന്നത്. വിനായകനെ കസ്റ്റഡിയിലെടുത്ത രണ്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്‌തെങ്കിലും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല.
19കാരനായ വിനായകനെ മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനാണ് പാവറട്ടി പൊലീസ് പിടികൂടിയത്. പിന്നീട് കടുത്ത മര്‍ദ്ദദനം ഇയാള്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ നേരിടേണ്ടി വന്നതായി ഒപ്പമുണ്ടായിരുന്ന സുഹൃത്തും ബന്ധുക്കളും ആരോപിച്ചിരുന്നു.
സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി അസിസ്റ്റന്റ് കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഒ മാരായ ശ്രീജിത്ത്, സാജന്‍ എന്നിവരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
















