കോട്ടയം: മോട്ടോര്‍ വാഹന വകുപ്പില്‍ ഡ്രൈവര്‍മാര്‍ക്ക് സ്ഥിര നിയമനമില്ല. ഒഴിവുകള്‍ രണ്ടു തവണ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നിയമനമുണ്ടായില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംസ്ഥാനത്ത് സോണല്‍ ഓഫീസ്- നാല്, ആര്‍ടി ഓഫീസ് – 18, ജോ.ആര്‍ടിഓഫീസ് – 55, ചെക്ക് പോസ്റ്റ് – 19, മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് – 17 എന്നിങ്ങനെയാണ് വാഹനങ്ങളുള്ളത്. ഇതിനു പുറമെയാണ് കമ്മീഷണര്‍ ഓഫീസിലെ വാഹനങ്ങള്‍.
ഇതില്‍ 75 വാഹനങ്ങളില്‍ താത്ക്കാലിക ഡ്രൈവര്‍മാരാണുള്ളത്. എംപ്ലോയ്‌മെന്റ് വഴിയും, ചില സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടുമാണ് ഡ്രൈവര്‍മാരെ നിയമിക്കുന്നത്. ഒരു ദിവസം 650 രൂപയാണ് വേതനം. 179 ദിവസത്തേക്കാണ് നിയമനം. എന്നാല്‍, പല സ്ഥലത്തും വര്‍ഷങ്ങളായി ജോലി നോക്കുന്നവരുണ്ട്.
179 ദിവസം കഴിയുമ്പോള്‍ ഒരു ദിവസം മാറിനിന്ന ശേഷം വീണ്ടും ഇവരെത്തന്നെ ജോലിക്ക് നിയോഗിക്കുന്നു. പരാതിയുള്ളപ്പോഴോ, രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടാകുമ്പോഴോ മാത്രമാണ് പലരെയും മാറ്റുന്നത്. താത്ക്കാലിക ഡ്രൈവര്‍മാര്‍ക്ക് ജോലി ചെയ്യുന്ന ദിവസത്തെ ശമ്പളം മാത്രം നല്‍കിയാല്‍ മതി, മറ്റ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ല. ഇതാണ് സര്‍ക്കാര്‍ സ്ഥിര നിയമനം നടത്താത്തതിനു പിന്നിലെന്നും ആക്ഷേപമയുരുന്നു.
















