തലശ്ശേരി : തലശ്ശേരി നഗരസഭയിലെ നങ്ങാറത്ത് 36-ാം വാര്‍ഡില്‍ തോട് കൈയ്യേറി വീട്ടിനു വേണ്ടി കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മ്മിക്കുകയും സ്ലാബിന് മുകളില്‍ കല്ല് കൊണ്ട് മതില് കെട്ടി വീടിന്റെ വര്‍ക്ക് ഏരിയ നിര്‍മ്മിക്കുകയും ചെയ്ത വീട്ടുടമയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി കോടിയേരി മേഖലാ പ്രസിഡന്റ് പി.രാജീവന് ആവശ്യപ്പെട്ടു. ടെമ്പിള്‍ ഗേറ്റിലെ പുതുമ ഹൗസില്‍ കുഞ്ഞാമിനയാണ് വീടിന് പുറകുവശത്ത് കൂടി മാടപ്പീടിക മുതല്‍ കണ്ണിച്ചിറ വരെ ഒഴുകുന്ന തോടിന്റെ മുകളില്‍ അനധികൃതമായി കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മ്മിക്കുകയും സ്ലാബിന് മുകളില്‍ കല്ല് കൊണ്ട് മതില് കെട്ടി വീടിന്റെ വര്‍ക്ക്ഏരിയ ആയി ഉപയോഗിക്കുകയും ചെയ്തിരിക്കുന്നത്. കൂടാതെ ഇതിന് മുകളില്‍ വലിയ തോതില്‍ ഇരുമ്പ് ഷീറ്റ് കൊണ്ട് നിര്‍മ്മാണവും നടത്തിയിട്ടുണ്ട്. അനധികൃതമായ നിര്‍മ്മാണ പ്രവൃത്തി സംബന്ധിച്ച് തലശ്ശേരി നഗരസഭാ സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടും ഏകദേശം 3 മാസം കഴിഞ്ഞിട്ടും ഇത് വരെ ഒരു നടപടിയും എടുത്തിട്ടില്ല. അനധികൃതമായ ഈ നിര്‍മ്മാണ പ്രവര്‍ത്തിക്ക് നഗരസഭാ ഉദ്യോഗസ്ഥരുടെയും, മുനിസിപ്പാലിറ്റിയുടെയും മൗനാനുവാദമുള്ളതിനാലാണ് ഇത് പൊളിച്ച് നീക്കാത്തതെന്നും കൈയ്യേറിയ സ്ഥലം ഉടന്‍ തിരിച്ച് പിടിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും പി.രാജീവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: